അടുക്കളയിൽ പണിയിലാണ് ചേച്ചി… ഞാൻ വന്നതൊന്നുമേ പുള്ളിക്കാരത്തി ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്ന് കണക്കുകൂട്ടി തന്നെ അടുത്തേക്ക് പോയി.. പിറകിലൂടെ ചെന്നിട്ട് ചേച്ചിയെ കെട്ടിപിടിച്ചു
“യ്യോ…!!” ചേച്ചി നിലവിളിച്ചു… ഞാൻ ആണെന്ന് മനസ്സിലായപ്പോ സമാധാനപ്പെട്ടു
“പേടിച്ചുപോയോ!!” ഞാൻ കളിയായി ചോദിച്ചു
“പേടിച്ചു പോയൊന്നോ…ഒന്നു പൊയ്ക്കെ ചെറുക്ക എന്റെ നല്ല ജീവനങ്ങ് പോയി!!”
“പോട്ടെന്റെയേച്ച്യെ..അങ്ങ് ക്ഷമിച്ചുകളയന്നെ…”
ഞാൻ ആ തോളിൽ തല ചായ്ച്ചു വെച്ചു
“ഇന്നും… പുട്ടാണോ… മാറ്റി പിടിച്ചൂടെ” പുട്ടിന്റെ പൊടി പരുവമാക്കികൊണ്ടിരുന്ന ചേച്ചിയോട് പറഞ്ഞു
“ആഹാ കൊള്ളാല്ലോ… സമയം എത്രായീന്ന നിന്റെ വിചാരം എനിക്കിവിടെ ഇതൊക്കെ ഉണ്ടാക്കിക്കൊണ്ട് നിന്ന മതിയോ?!..”
“ഓ ഞാൻ വെറുതെ പറഞ്ഞതാണെന്റെ പൊന്നോ ..ഈ കൈകൊണ്ട് ഇന്നുവരെ വെച്ചുവിളമ്പി തന്നതൊക്കെ കഴിച്ചിട്ടില്ലേ.. ഇനീപ്പോ വിഷം കലക്കി തന്നാലും.. അതെന്റെയേച്ചീടെ കയ്യീന്ന് ആണേ ഞാനത് കഴിക്കൂലെ!”
പുട്ടിന്റെ പൊടി കുതിർത്ത് കൊണ്ടിരുന്ന ചേച്ചി നിർത്തിയിട്ട്.. മുഖം ചരിച്ച് ഗൗരവത്തോടെ എന്റെ മുഖത്തേക്ക് നോക്കി
ഞാനൊന്ന് ഇളിച്ചു കാട്ടി….
“എങ്കിൽ അടുത്ത ഉരുള എനിക്കും ഉള്ളതാവും!!”
“ഏയ് ഛേ ഛേ… ഞാനങ്ങു ചത്തുപോയാലും എന്റെ ചേച്ചി നന്നായി ജീവിക്കണം ഒരു നല്ല ചെക്കനെയൊക്കെ കെട്ടി ഒന്ന് രണ്ട് കുരുത്തം കെട്ട പിള്ളേരുമൊക്കെ ആയിട്ട്…… അല്ല പുള്ളിടെ കാലിബർ എങ്ങനെ ആണോ അതിന് അനുസരിച്ച് പിള്ളേര് ഒക്കെ വേണോട്ടോ.. അവരൊക്കെയായിട്ട് അടിച്ചുപൊളിച്ചു കഴിയണം…” തമാശ ആയിത്തന്നെയാണെങ്കിലും അതില് ചെറിയ ഗൗരവമുണ്ടായിരുന്നു