“അല്ല.. അല്ല!” യഥാർഥ്യത്തിലേക്ക് വരുമ്പോ ഞാൻ ചെയ്യണതൊരു തെറ്റാണോ എന്നാ ചിന്ത ഉള്ളതുകൊണ്ടാണോ ഞാനവളെ എതിർത്തത്? അറിയില്ല!!
സ്കൂട്ടറിൽ നിന്നിറങ്ങി എന്റെ മുന്നിലേക്ക് വന്നവൾ നിന്നു
“അതേ അതാണ് സത്യം… പക്ഷെ നീ പേടിക്കണ്ട അശ്വി ഞാനതിനെ മോശമാക്കി ഒരിക്കലും കാണില്ല!!… നിനക്ക് ചേച്ചിയും ചേച്ചിക്ക് നീയും മാത്രമാണ് ലോകം.. എനിക്ക് മനസ്സിലാവും.. പക്ഷെ ഒരു കാര്യം ഞാൻ പറയാം നിന്റെ ചേച്ചിയൊരു പെണ്ണാണ് ഈ സമൂഹം ചില സാഹചര്യങ്ങളിൽ പെണ്ണിന് ചാർത്തി കൊടുക്കുന്ന ചില പേരുകളുണ്ട് അതൊന്നും ചേച്ചിയിൽ വീഴരുതെന്ന് നീ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?.”
മറുപടി കൊടുക്കാൻ എന്നെകൊണ്ട് കഴിയില്ലെന്ന് നൂറു ശതമാനം ബോധ്യമായിരുന്നു ..
“പക്ഷെ ഒന്നുറപ്പാ അശ്വി നിന്നെ സ്നേഹിക്കുമ്പോലെ ചേച്ചിക്കും മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല!!” അവളത് പറയുമ്പോ മനസ്സറിയാതെയൊന്നു വിങ്ങി എന്നെയൊരുപാട് സ്നേഹിക്കുന്ന ചേച്ചിയുടെ മുഖമെന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു..
“വേണി…നിനക്ക്… ഇതൊക്കെ..?”
“ഇതിനൊരുപാട് പഠിക്കേണ്ട കാര്യമില്ല ആശ്വിനെ… മനുഷ്യന്റെ വികാരങ്ങൾ വളരെ വിശാലവും അൺപ്രെഡിക്റ്റബിളും ആണെന്നുള്ള തിരിച്ചറിവ് മാത്രം ഉണ്ടായാൽ മതിയെടാ!!…………ഇന്ന് ഞാൻ ചേച്ചിയോട് സംസാരിച്ചിരുന്നപ്പോ… ചേച്ചിയുടെ ഓരോ വാചകത്തിലും നീ ഉണ്ടായിരുന്നു അശ്വി… നീയല്ലാതെ മറ്റൊരു ലോകം അതിനില്ല… ഒരു പെണ്ണിനെ പെണ്ണിന്റെ മനസ്സ് മനസ്സിലാവുള്ളൂ…”