നല്ല അടിപൊളി മസാലയിൽ കുഴഞ്ഞു കിടക്കുന്ന വെന്ത ബീഫിന്റെ കഷ്ണം കടിച്ചുമുറിച്ചുകൊണ്ട് ഞാൻ കുശലങ്ങൾ പറഞ്ഞു ചിരിക്കുന്ന രണ്ടുപേരെയും നോക്കി..
ഇതിപ്പോ അവളെന്റെ ഫ്രണ്ടാണോ അതോ ചേച്ചിയുടെ ഫ്രണ്ടാണോ? എന്തോന്നിത് ഇത്ര പറഞ്ഞ് ചിരിക്കാൻ!! ഞാൻ വല്ലാണ്ട് ആസ്വസ്ഥനായി
“എന്റെ പൊന്നു ചേച്ചീ നിങ്ങൾക്ക് അസാധ്യ കൈപ്പുണ്യമാണ് കേട്ടോ.. ഇവൻ കൊണ്ടുവരണ ഫുഡ് ഞാൻ കഴിക്കാറുണ്ട്.. എന്തൊരു രുചിയാ എന്റെ ദൈവമേ!!” വേണി ചേച്ചിയോടായി പറഞ്ഞു
“അത്രയ്ക്കൊക്കെ ഉണ്ടോ.. കളിയാക്കല്ലേ വേണി..” ചേച്ചി മറുപടി പറഞ്ഞു
“സത്യായിട്ടും നല്ല ടേസ്റ്റി ആണ്…!!”
“താങ്ക്യൂ മോളേ… .കണ്ടുപഠിക്ക് ചെറുക്കാ!!.. മോള് കേൾക്കണം ഇത്രേം കാലം വെച്ചുണ്ടാക്കി കൊടുത്തിട്ട് ഇന്നുവരെ ഇതുപോലെയൊന്നും ഇവൻ പറഞ്ഞിട്ടില്ലാട്ടോ”
“അത് ശെരി ആരാണ്ടോ വന്നു നാല് തേനിൽ മുക്കിയ ഡയലോഗ് വിട്ടപ്പോ… ഞാൻ ഔട്ടായി!.. അതേ വേണി അങ്ങ് പോയി കഴിഞ്ഞാ ഞാൻ മാത്രേ കാണുള്ളൂ പറഞ്ഞേക്കാം!!” ഞാൻ പറഞ്ഞു
“നീ പോടാ ചെക്കാ!!” ചേച്ചി എന്നെ പുച്ഛിച്ചു തള്ളി
വേണി വായടക്കി ചിരിക്കുന്നത് ഞാൻ കണ്ടു
പിന്നെയും അവിടിരുന്നു അവിയണ്ട എന്ന് കരുതി ഞാൻ കഴിച്ചിട്ട് എണീറ്റു റൂമിലേക്ക് പോയി
ഇപ്പൊ ഇവളിങ്ങോട്ട് വന്നതിന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
അല്പം കൂടെ കഴിഞ്ഞപ്പോ റൂമിലേക്ക് വേണി കയറിവന്നു
“അപ്പൊ ഇതാണ് അശ്വിന്റെ സാമ്രാജ്യം!!” റൂമിലാകെ ഒന്ന് കണ്ണോടിച്ചിട്ട് അവൾ പറഞ്ഞു