ആരാണെന്ന് നോക്കാൻ പോയത് ചേച്ചിയായിരുന്നു…
പുറത്തുനിന്നും ഏതോ പരിചിതമായ സ്ത്രീ ശബ്ദം ഞാൻ കേട്ടു… പുറത്തേക്ക് ഞാനും എത്തി..
“വേണി!!”
“നീ പറഞ്ഞില്ലാലോ വേണി വരൂന്ന്..!” ചേച്ചി എന്നോടായി പറഞ്ഞു
“നീയെന്താ ഇവിടെ?” ഞാൻ വേണിയോട് ചോദിച്ചു
“വീട്ടിലേക്ക് വന്നവരോട് ഇങ്ങനെയാണോടാ സംസാരിക്കണെ?” ചേച്ചിയുടെ ശാസന
“മോള് വാ.. ഇവൻ മോളെ പറ്റി പറഞ്ഞിട്ടുണ്ട്!!” ചേച്ചി പറഞ്ഞതും വേണി എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു
അവളെയും കൂട്ടി ചേച്ചി അകത്തേക്ക് കയറി
“ഇവന് ചേച്ചിയെ പറ്റി പറയാനേ നേരമുള്ളൂ!!” അവൾ ചേച്ചിയോട് പറഞ്ഞു
അവൾ വന്നതും ചേച്ചിയോട് സംസാരിക്കുന്നതും എനിക്കെന്തോ വല്യ സുഖമുള്ള ഏർപ്പാടായി തോന്നിയില്ല
വളരെ കുറച്ചു സമയം കൊണ്ട് അവർ കമ്പനിയായി.. എനിക്കാകെ മുഴുവനൊരു അസ്വസ്ഥത യായിരുന്നു
ഫ്രീ ആയിരുന്നപ്പോൾ എന്റെ വീട് തപ്പി ഇറങ്ങിയതാണത്രേ അവൾ… ഫ്രീ ആവുമ്പോ തപ്പി ഇറങ്ങാൻ ഇവളെന്നാ സി ഐ ഡി യോ ?!!
“വായോ നല്ല ബീഫ് ബിരിയാണിയുണ്ട്.. കഴിച്ചിട്ട് ബാക്കി സംസാരിക്കാം.” ചേച്ചി പറഞ്ഞു
“അയ്യോ വേണ്ട ചേച്ചീ ഞാൻ കഴിച്ചിട്ടാ ഇറങ്ങിയത്!!” അവൾ പറഞ്ഞു
“വേണി കഴിച്ചല്ലോ ചേച്ചീ നമുക്ക് കഴിക്കാം അവൾക്ക് പോയിട്ട് എന്തെങ്കിലും ചെയ്യാനുണ്ടാവും അവൾക്ക്… ഇപ്പൊ ഇറങ്ങില്ലേ… ബൈ വേണി!!” അവളെ എങ്ങനെങ്കിലും എനിക്ക് അവിടുന്ന് ഒഴിവാക്കണം എന്നായി
“അടങ്ങിയിരിക്ക് ചെറുക്കാ മോള് കഴിച്ചിട്ട് പതിയെ പോണുള്ളൂ..!!” ചേച്ചി അവളെ നോക്കി പറഞ്ഞത് എന്റെ പോസ്റ്റിലേക്ക് ചേച്ചിയുടെ ഫ്രീക്കിക്ക് ഗോളായിരുന്നു