സ്റ്റോപ്പിൽ നിന്നപ്പോൾ റോഡിലൂടെ വലിയ വണ്ടികൾ പാഞ്ഞു പോകുന്നുണ്ട്.. ഒരു നിമിഷം.. ദൂരെ നിന്നു വരുന്ന ടോറസ്സിൽ എന്റെ കണ്ണു പതിഞ്ഞു… എല്ലാം ഒരു നിമിഷം കൊണ്ട് തീരും.. പക്ഷെ ഒരു സെക്കന്റിന്റെ നൂറിൽ ഒരംശം കൊണ്ട് “കുട്ടൂ” എന്ന ചേച്ചിയുടെ വിളി എവിടുന്നോ വന്നതും ഞെട്ടി ഞാൻ പിറകോട്ട് മാറിയിരുന്നു ഞാൻ .. മനസ്സിൽ ഉണ്ടായതാണ്… ആരും വിളിക്കില്ല പക്ഷെ അച്ചുവേച്ചിമാത്രമേ എനിക്ക് ഉള്ളു എന്നൊരു ബോധ്യയപ്പെടുത്തൽ പോലെയായിരുന്നു അത്..
“ഇനീപ്പോ വിഷം കലക്കി തന്നാലും..അതെന്റെയേച്ചീടെ കയ്യീന്ന് ആണേ ഞാനത് കഴിക്കൂലെ!”
…….
…….
“എങ്കിൽ അടുത്ത ഉരുള എനിക്കുള്ളതാവും!!”
ഞാനില്ലാത്ത ഒരു നിമിഷം എന്റെ ചേച്ചി ഉയിരോടെ ഉണ്ടാവില്ലെന്ന് എനിക്കുറപ്പാണ്.. ചെയ്യാൻ തുനിഞ്ഞ കാര്യമോർത്ത് ഞാനെന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു
അന്നത്തെ ദിവസം എങ്ങനെയോ ഞാൻ കോളേജിൽ തള്ളി നീക്കി.. ഇടയ്ക്ക് വേണി എന്നോടെന്തു പറ്റിയെന്ന് ചോദിച്ചു ഞാൻ മറുപടി പറഞ്ഞില്ല… അല്ല പറയാൻ പറ്റില്ലല്ലോ!!
വീട്ടിലേക്ക് എത്തിയത് വളരെ വൈകിയായിരുന്നു… അതും മനപ്പൂർവ്വം!
ഗേറ്റ് തുറന്നു കയറുമ്പോൾ മുറ്റത്ത് ചേച്ചി നിൽക്കുന്നത് കണ്ടു… സ്കൂളിലെ സാരിയിൽ തന്നെയാണ്.. മുന്താണി അരയിൽ തിരുകി വെച്ചിട്ടുണ്ട്.. മുഖത്ത് എന്നെ കാണാഞ്ഞതിന്റെ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി
തലകുമ്പിട്ടു ഞാൻ മുൻപോട്ട് നടന്നു.. കയ്യിലെ തള്ളവിരൽ കൈക്കുള്ളിലേക്ക് മടക്കി പിടിച്ചിരുന്നു ഞാൻ… ചിലപ്പോ ഉള്ളിലെ കുറ്റബോധം കാരണം ഞാനത് ഞെക്കിയൊടിക്കും എന്ന് തോന്നിപ്പോയി…