ജന്മം തന്നതുകൊണ്ട് ഒരാൾ അച്ഛനാവുമോടാ…… ഞാൻ അവനെ നോക്കി ചോദിച്ചു കൊണ്ട് ഒരു കാര്യവുമില്ലാതെ സീലിങ്ങിലേക്ക് കണ്ണുനട്ടു.. അങ്ങനെയാണല്ലോ ഒരു ഡ്രാമാറ്റിക് സിറ്റുവേഷനിൽ ഒരു ചോദ്യവും ചോദിച്ച് അങ്ങനെ കിടക്കണം.. വെറും പട്ടിഷോ.
അപ്പു കുലുങ്ങിച്ചിരിക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.. ഇവനെ പാടത്ത് ചെളിയിൽ മുക്കണം എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ ഒന്ന് മെല്ലെ വിശാഖിനെ നോക്കിയപ്പോൾ അവൻ ആകെ കിളി പോയി എന്നെത്തന്നെ നോക്കിയിരിക്കുകയാണ്.
പെട്ടെന്ന് മുറിയുടെ വാതിൽ ആരോ തള്ളി തുറന്നു.. കയറിവന്ന ആളെ കണ്ടു ഞാൻ ഒന്നു കിടുങ്ങി.. സ്റ്റെഫി.
കാശി…… എന്നെ ആകമാനം ഒന്നു നോക്കിയശേഷം ഒരു ആശ്വാസത്തോടെ നെഞ്ചത്ത് കൈവച്ച് എന്നെ നോക്കി അവൾ വിളിച്ചു.
ഭഗവാനേ ഇവളും അറിഞ്ഞു.. എൻറെ ചങ്കിടിപ്പ് കൂടി.. അല്ലിയുടെ മുഖം എൻറെ മനസ്സിൽ തെളിഞ്ഞു.
എങ്ങനുണ്ട്….. സ്റ്റെഫി എന്റെ അടുത്ത് ഇരുന്ന് വിശാഖിനെ തള്ളിമാറ്റി അവിടേക്ക് ഇരുന്നുകൊണ്ട് എന്റെ മുഖത്തുകൂടി തഴുകി ഒരു വിതുമ്പലോടെ ചോദിച്ചു.
എനിക്ക് ഒന്നുമില്ല മിസ്സ്….. ഞാൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി.
ഞാനാകെ പേടിച്ചുപോയി കാശി.. എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.. നിനക്ക് ആക്സിഡൻറ് പറ്റി എന്ന് ഇവന്മാരാണ് വിളിച്ചുപറഞ്ഞത്.. അറിഞ്ഞപ്പോൾ തൊട്ട് ഇവിടെ എത്തുന്നതുവരെ മനുഷ്യൻറെ ജീവൻ പോയി…….. സ്റ്റെഫി എന്നെ നോക്കി നിറഞ്ഞുവരുന്ന കണ്ണുകൾ കഷ്ടപ്പെട്ട് തടഞ്ഞുനിർത്തിക്കൊണ്ട് പറഞ്ഞു.