“ആമി..”
ദയനീയമായിരുന്നു ശ്രീയുടെ വിളി. അവനവളുടെ കയ്യിൻ മേൽ കൈ വച്ചതും നിമിഷ നേരം കൊണ്ട് അവളത് എടുത്തെറിഞ്ഞു.
“ആമി..സോറി.. പറ്റിപ്പോയി…ക്ഷമിക്ക്..”
എങ്ങലടങ്ങിയ അവളുടെ സ്വരം കേൾക്കാം. അതിൽ കൂടുതൽ അവനൊന്നും മിണ്ടാനുമായില്ല. ജീവിതത്തിൽ ആദ്യമായി നടന്ന സംഭവത്തെ ഓർത്ത് ഉറക്കമില്ലാതെ അവനും കിടക്കേണ്ടി വന്നു.
ഇങ്ങനെയുള്ള റിലേഷൻ നിർത്താൻ വേണ്ടി ജോലി റിസൈൻ ചെയ്ത് വീട്ടിലിരിക്കുന്നത് ശരിയായ കാര്യമല്ലെന്ന് ശ്രീക്ക് തോന്നിയത് കൊണ്ടാണ് അവനതിനു സമ്മതിക്കത്തത്. കാരണം താൽക്കാലത്തേക്ക് ഒരു മറ പോലെയേ അത് പ്രവർത്തിക്കു. എന്നെങ്കിലും കാണണമെന്ന് തോന്നിയാൽ താനില്ലാത്ത സമയം റിതിന് അല്ലെങ്കിൽ വരുണിന് വീട്ടിലേക്ക് വരാം. ആമിക്ക് വേണമെങ്കിൽ കാണാൻ ചെല്ലാം. അവർ ഉദ്ദേശിക്കുന്നത് പോലെയൊക്കെ പ്രവർത്തിക്കാം. ഒന്നുമറിയാതെ ഓഫീസിലിരുന്ന് പണിയെടുക്കുന്ന വെറും ഉണ്ണാക്കൻ മാത്രമാകും ഞാൻ. അത്കൊണ്ട് തന്നെയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് അവളെ അവൻ റിസൈൻ ചെയ്യിക്കാത്തത്. വേറെ സ്ഥലത്ത് ജോലിക്ക് പോയാലും പ്രശ്നമാണ്..!
അടുത്ത ദിവസം ഉറക്കമുണർന്ന ശ്രീയുടെ അടുത്ത് ആമി ഉണ്ടായിരുന്നില്ല. അന്താളിപ്പോടെ അവൻ കണ്ണ് മിഴിച്ച് എഴുന്നേറ്റ് കിച്ചണിലേക്ക് വേഗം നടന്നു.
“ആമി… ആമി….”
അലക്ക് കഴിഞ്ഞ് ബക്കറ്റിൽ തുണിയുമായി അവൾ അടുക്കള വാതിൽ കയറി വരുന്നതാണ് ശ്രീ കാണുന്നത്. അവന്റെ ദീർഘനിശ്വാസത്തിന്റെ ശബ്ദം അവിടമാകെ പരന്നു.
അവനെ ഒന്ന് നോക്കി നോട്ടം തെറ്റിച്ച് അവൾ ബാത്‌റൂമിലേക്ക് കടന്നു. ആമി ഓഫീസിലേക്ക് വരുന്നില്ലെന്ന് ഉറപ്പിച്ചു. അല്ലെങ്കിൽ പുറത്ത് നിന്ന് അവൾ തുണികൾ വാഷ് ചെയ്യില്ല. സാധാരണ സണ്ടേ ചെയ്യുന്ന പണിയാണ് ഈ പുറത്തെ അലക്ക്. ആശ്വാസത്തോടെ ശ്രീ അകത്തേക്ക് പോയി. ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് പോകാനായി അവൻ ഇറങ്ങി. ഡൈനിങ് ടേബിളിൽ ഭക്ഷണമുണ്ട്. ആമി ഒന്നും ഉണ്ടാക്കില്ലെന്നാണ് അവൻ കരുതിയത്. പക്ഷെ ഭക്ഷണം കഴിക്കുമ്പോൾ ആമി അവന്റെ അടുത്ത് ഉണ്ടായിരുന്നില്ല. വിളിക്കാൻ അവനും ഒരു മടി തോന്നി.