“എന്റെ കൃഷ്ണാ…. ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചു ഇരിക്കാൻ പറ്റുമോ… കേട്ടിട്ട് തന്നെ കൈയും കാലും വിറയ്കുന്നു…. അമ്മയെ വിളിക്കാൻ പോയിട്ട് ഈ ശോഭന എന്തിയെ…”
വല്യമ്മയുടെ ശബ്ദമാണെന്ന് ഉറപ്പ്… അതിന്റെ കൂടെ മീനാക്ഷിയുടെയും കൂടെ ആരുടെയൊക്കെയോ കരച്ചിലും കേൾക്കുന്നുണ്ട്… ഞാൻ ഓടി കോണി പടി ഇറങ്ങി… തറവാട്ടിലെ എല്ലാവരും തന്നെ വട്ടം കൂടി നിൽപ്പുണ്ട്… അതിന്റെ നടുക്കായി മീനാക്ഷിയെ ഒരു കൈയിൽ പിടിച്ച് മറ്റേ കൈ കൊണ്ട് അടിക്കുന്ന ലളിത ചേച്ചി… മീനാക്ഷിക്ക് കിണ്ടുന്ന അടികളിൽ കുറച്ചൊക്കെ ഇടയ്ക്കു കയറി വാങ്ങി കൂട്ടുന്ന മീര… അവരു മൂന്നു പേരും കരയുന്നുണ്ട്…
“മുരളി ഏതായാലും ഇതൊക്കെ വരുത്തി വെച്ചിട്ട് മുങ്ങിയത് കൊണ്ട് ബാക്കിയുള്ളവരല്ലേ അനുഭവിക്കുന്നത്…”
വീണ്ടും സന്ധ്യാ വല്യമ്മ പറഞ്ഞപ്പോളാണ് അവിടേക്കു വരുന്ന എന്നെ കണ്ടത്…
“എന്റെ ശ്രീ… നീ ഇത് വെല്ലോം അറിയുന്നുണ്ടോ… ചോദിക്കാനും പറയാനും ഇവിടെ ആണുങ്ങൾ ഇല്ലാഞ്ഞിട്ടല്ലേ… ഇതൊക്കെ ഇവിടെ നടക്കുന്നത്… ഇതുങ്ങളെ അടിച്ച് ഇറക്കാതെ നീയും നോക്കി നിൽക്കുവാണോ…”
“എന്താ വല്യമ്മേ കാര്യം…”
ഏറെ കുറേ എന്താ നടന്നത് എന്ന് ഞാൻ ഊഹിച്ചു മനസ്സിലാക്കിയെങ്കിലും ഒന്നും അറിയാത്തത് പോലെ ഞാൻ കാര്യം തിരക്കി…
“നിന്നോട് ഞാൻ എങ്ങനെയാ കുട്ടിയെ ഇത് പറയുക… ഇവളുടെ വയിറ്റിലാ പഴേ കാര്യസ്ഥന്റെ കുട്ടി ഉണ്ടെന്നു… കേട്ടിട്ട് തന്നെ തൊലി ഉരിഞ്ഞു പോകുവാ… നമ്മുടെ തൊടിയിൽ പണിയുന്ന ചാരു കുറച്ച് മുൻപ് ഇവളു മാറി പോയി ശർദ്ധിക്കുന്നത് കണ്ട് കാര്യം തിരക്കിയപ്പോൾ ആണത്രേ അറിഞ്ഞേ…”