“ഇനി അവർ അവിടെ ഇല്ലേൽ എന്തേലും ആവശ്യം ഉണ്ടേൽ ജംഗ്ഷനിൽ ചെന്ന് കേശവൻ നായർടെ വീട് ചോദിച്ചാൽ മതി. അങ്ങേരു ഇവിടത്തെ ഒരു നാട്ടു പ്രമാണിയാ. ദൂരേന്ന് വരണോരൊക്കെ അദ്ദേഹത്തിന്റെ വീട്ടിൽ തങ്ങാറുണ്ട്. ഇവിടെ ഹോട്ടലൊന്നും ഇല്ല”
“താങ്ക്സ്” വീണ്ടും നന്ദി പറഞ്ഞ് ഞാൻ മുന്നോട്ട് നീങ്ങി. അയാൾ പറഞ്ഞ പോലെ വളവ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞു. കല്ലും മണ്ണും നിറഞ്ഞ പാത. മഴപെയ്തതുകൊണ്ടാകാം ചളിയുണ്ട്. ഇരുവശത്തും വലിയ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന പറമ്പുകൾ. വീടുകൾ ഒന്നും ഇല്ല. ഒരു ഇറക്കം ഇറങ്ങി ചെന്നതും പുഴകണ്ടു. ഇടത്തോട്ട് തിരിയുന്ന വഴിയിലൂടെ വണ്ടി തിരിച്ചു. വൻ മരങ്ങളും അതിൽ നിന്നും നീണ്ടു കിടക്കുന്ന വള്ളിച്ചെടികളും. വഴിയിൽ നിറയെ ഇലകൾ വീണു കിടക്കുന്നു. ഉള്ളിലായി മൂന്ന് നിലയുള്ള ഓടുമേഞ്ഞ വലിയ ഒരു വീട് കണ്ടു. ഒരു കൂറ്റൻ ബംഗ്ലാവെന്ന് പറയാം. മുറ്റം നല്ല വൃത്തിയാക്കി ഇട്ടിരിക്കുന്നു. അവിടവിടെ ചളിവെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഔട്ട് ഹൗസ് പോലെ ഒരു എണ്ണം വീടിനോട് ചേർന്നുണ്ട്. അതിന്റെ മുമ്പിൽ ഒരു കാർ കിടക്കുണ്ട്. ഞാൻ വണ്ടി മുറ്റത്ത് സ്റ്റാൻഡ് ഇട്ടു നിർത്തി.
മുൻ വശത്ത് വലിയ ഒരു പൂമുഖം. വശങ്ങളിലേക്ക് നീളുന്ന കോലായ. ഒരു വില കൊരുതി വച്ചിരിക്കുന്നു. പുറത്ത് ആരെയും കാണുന്നില്ല. ഉമ്മറത്ത് തൂക്കിയിട്ടിരുന്ന മണിയുടെ ചരടിൽ പിടിച്ച് വലിച്ചു.
അൽപ സമയം കാത്തുനിന്നെങ്കിലും ആരെയും കണ്ടില്ല. ഉള്ളിൽ ഒരു ഭയം അറിയാതെ കടന്നു കൂടി. എവിടെയോ ഒരു കൂമൻ കൂവുന്ന ശബ്ദം.
ഞാൻ വീണ്ടും മണിയടിച്ചു.