അൽപം കൂടെ മുന്നോട്ട് പോയപ്പോൾ ഒരു സൈക്കിൾ യാത്രക്കാരനെ കണ്ടു. ബൈക്ക് നിർത്തി. പ്രൊഫസർ. ജയന്തിയുടെ വീട് അന്വേഷിച്ചു.
“പ്രൊഫസർ ജയന്തി? ആ മന്ത്രവാദി ടീച്ചറായിരിക്കും.” അയാൾ എന്നെ സൂക്ഷിച്ച് നോക്കി. എന്നിട്ട് എന്തോ ഉള്ളിൽ വച്ചെന്ന പോലെ ചോദിച്ചു.
“ഈ നേരത്ത് എന്താ അങ്ങോട്ട് ‘
“മന്ത്രവാദിയോ? അവർ ചരിത്ര പ്രൊഫസർ അല്ലേ?” എന്നിൽ ഒരു ദുരൂഹത വളർന്നു.
”അവർ പലതുമാണ്. പഠിക്കലും പഠിപ്പിക്കലും മന്ത്രവാദവും ജ്യോത്സ്യവും എല്ലാമുണ്ട്.. ആ ഞാൻ അധികം പറയുന്നില്ല. അതും സന്ധ്യ സമയത്ത് “ അയാൾ എന്തോ ഭയപ്പെടുന്നതു പോലെ എനിക്ക് തോന്നി.
“ഞാൻ പട്ടണത്തിൽ നിന്നും വരുന്ന ഒരു വിദ്യാർഥിയാണ്. ചില കാര്യങ്ങൾ ചോദിച്ചറിയുവാൻ”
അയാൾ ടോർച്ച് തെളിച്ചു. എന്റെ മുഖത്തേക്ക് നോക്കി.
“അവിടേക്ക് അങ്ങിനെ ആരും പോകാറില്ല. പ്രത്യേകിച്ച് സന്ധ്യ കഴിഞ്ഞാൽ. ഇന്നെന്നെ പോകണം എന്നുണ്ടോ?”
“അതെന്താ…”
“അത്…. ഒന്നൂല്യ… നാളെ രാവിലെ പോയാൽ പോരെ?”
“അയ്യോ അത്യാവശ്യമാണ്. അതോണ്ടാ ഇത്രേം ദൂരം ബൈക്കിൽ വന്നത്.”
“ഉം… നിങ്ങളുടെ ഇഷ്ടം ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. ദാ ആ കാണുന്ന വളവ് കഴിഞ്ഞാൽ ഇടത്തോട്ട് ഒരു ചെങ്കൽ വഴിയുണ്ട്. അതിലൂടെ നേരെ ചെന്നാൽ പുഴയിലേക്കുള്ള വഴിയാണ്. അതിലൂടെ പോയാൽ പുഴകാണാം. അത് എത്തുന്നതിനു മുമ്പേ വീണ്ടും ഇടത്തോട്ട് വഴികാണാം. അത് ടീച്ചറുടെ ബംഗ്ലാവിലേക്കുള്ള വഴിയാണ്.’
“താങ്ക്സ് ” ഞാൻ പറഞ്ഞു.
“അതേ സൂക്ഷിച്ചോളോട്ടാ.” ഒരു മുന്നറിയിപ്പ് പോലെ വീണ്ടും അയാൾ പറഞ്ഞു. ഒന്ന് നിർത്തിയിട്ട് തുടർന്നു.