ബൈക്ക് സ്മാർട്ടാക്കി അതിവേഗം കുതിച്ചു.
അവിടെ എത്തുവാനായി അയാൾ പറഞ്ഞ രൂപരേഖയും മറ്റും അനുസരിച്ച് ഞാൻ പുറപ്പെട്ടു. ബൈക്ക് അതിവേഗം പാഞ്ഞു. ഇടക്ക് ചിലയിടത്ത് നിർത്തി വഴി ഒന്നൂടെ ക്ലാരിഫൈചെയ്തു. ഇടക്ക് ഒന്നുരണ്ടിടത്ത് വഴി തെറ്റി. വീണ്ടും തിരിച്ചു വന്ന് ശരിയായ വഴിയിലൂടെ യാത്ര തുടർന്നു.
സമയം ഏതാണ്ട് സന്ധ്യയായിരുന്നു. ഒടുവിൽ അടയാളമായി ആശാൻ പറഞ്ഞ വലിയ ഒരു കുന്നു കയറി. ചെന്നപ്പോൾ ഒരു കാഞ്ഞിര മരവും പനയും ചേർന്നു നിൽക്കുന്നത് ദൂരെ നിന്നേ കണ്ടു. ഗ്രാമത്തിലേക്ക് ആ ഗ്രാമത്തിന്റെ അതിരാണത്. ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആ മരത്തിനു ചുവട്ടിൽ എത്തി വണങ്ങണം എന്ന് ആശാൻ പറഞ്ഞിരുന്നു.
ബൈക്ക് നിർത്തി വണങ്ങി. അതും കഴിഞ്ഞ് വീണ്ടും ബൈക്കെടുത്ത് മുന്നോട്ട്.
വിശാലമായ ഒരു പാടത്തിനു നടുവിലൂടെ ഉള്ള റോഡ്. അവിടവിടെ ചില തുരുത്തുകൾ. അവയിൽ കരിമ്പനകൾ തലയുയർത്തി നിൽക്കുന്നു.
ഇരുവശത്തും ഇല്ലി മുള്ളുവേലികൾ കെട്ടിത്തിരിച്ച പറമ്പുകൾ. നിറയെ പനയും, മാവും, പ്ലാവും, പുളിയും വളർന്നു നിൽക്കുന്നു. തെങ്ങ് കുറവാണ്. വളരെ കുറച്ച് വീടുകളേ ഉള്ളൂ. റോഡിൽ അധികം ആളുകളില്ല. പണികഴിഞ്ഞ് പോകുന്ന പണിക്കാർ. ചില സൈക്കിൾ യാത്രക്കാർ. ഒന്നു രണ്ടു ഓട്ടോറിക്ഷകളും ജീപ്പുകളും കണ്ടത് ഒഴിച്ചാൽ മറ്റു വാഹനങ്ങൾ ഇല്ലെന്ന് പറയാം. അൽപം നീങ്ങിയപ്പോൾ ഒരു കവല കണ്ടു. അവിടെ നിർത്തേണ്ട എന്ന് വച്ചു. കാരണം ചിലപ്പോൾ നാട്ടുകാർ തന്റെ വിശദാംശങ്ങൾ ചോദിച്ചാലോ.
ഇരുൾ പരന്നു തുടങ്ങിയിരുന്നു. തെരുവു വിളക്കുകൾ ഒന്നും കത്തുന്നില്ല.