അടുത്തത് തന്റെ ഊഴമാണ്. രാജേന്ദ്രൻ ചുവന്ന തുണിയിൽ പൊതിഞ്ഞ ഒരുതരം കയർ താഴ്ത്തേക്കിട്ടുകൊടുത്തു. ഷെമീന പ്രവീണിനെ നോക്കി.
“ആ കയറിൽ മുറുക്കെ പിടിച്ചോ. എന്നിട്ടു ആനയുടെ കാലിൽ ഇടതുകാൽ ചവിട്ടി നിന്നേ.”
ഷമീന അന്നിട്ടിരുന്നത് ഗ്രേ കളറിൽ വൈറ്റും ബ്ലാക്കും റെഡും അബ്‌സ്ട്രാക്ട് ഡിസൈനുള്ള ഒരു അനാർക്കലി ഗൗൺ ആയിരുന്നു. ഫ്രോക്കുപോലെ പാദത്തിനു മുകളിൽ കണങ്കാൽ വരെ ഇറക്കമുള്ള നല്ല ലൂസ് ആയ ഒരു ഗൗൺ. അതിനടിയിൽ അവൾ ഏകദേശം അത്രയും തന്നെ ഇറക്കമുള്ള വെളുത്ത ലെഗ്ഗിൻസ് ധരിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യസ്‌റ്റെപ് അവൾക്കു ഒരു ബുദ്ധിമുട്ടുമില്ലാതെ ചെയ്യാൻപറ്റി. കഷ്ടിച്ച് അഞ്ചടി രണ്ടിഞ്ചേ ഷമീനക്ക് ഉയരമുള്ളൂ.
ആന തന്നെ നോക്കുന്നത് ഷെമീന കണ്ടു. അവൾ ആനയെ കൈവീശിക്കാണിച്ചു ഹായ് എന്നു പറഞ്ഞു.
“തമാശയല്ല കേട്ടോ. ഇനി വലതുകാൽ ദേ ഇവിടെ ചവിട്ടി മുകളിലേക്ക് കയറണം. എന്നിട്ടു ഇടതുകാൽ ഇവിടെ ചവിട്ടണം. പിന്നെ വലതുകൈ രാജേന്ദ്രൻ ചേട്ടന്റെ നേർക്ക് നീട്ടിയാൽ മതി.” പ്രവീൺ പറഞ്ഞതുപോലെ ചെയ്ത ഷെമീന ഒറ്റയടിക്ക് ആനയുടെ മുകളിൽ എത്തി.
“ആഹാ മിടുക്കിയാണല്ലോ.” രാജേന്ദ്രൻ അവളെ അഭിനന്ദിച്ചു.
ആനയുടെ മുകളിൽ ഇരുവശത്തേക്കും കാലിട്ടു ബൈക്കിൽ ഇരിക്കുംപോലെ ഇരിക്കാൻ അവൾക്കു ബുദ്ധിമുട്ടു തോന്നി. ഷെമീന വലതുകാൽ മടക്കിവച്ചു ഒരുവശത്തേക്കു നോക്കിയിരുന്നു.
പ്രവീൺ ടൂൾസിൽ ചിലതുമായി മുകളിലേക്ക് കയറി ഷമീനയുടെ മുന്നിൽ ഇരുന്നു. ബാക്കിയുള്ളവ അയാൾ ആനയുടെ പുറത്തുനിന്നു താഴോട്ടുകിടന്ന ഒരു കയറിൽ തൂക്കിയിട്ടിരുന്നു. രാജേന്ദ്രന്റെ അത്ര പൊക്കമില്ലെങ്കിലും പ്രവീണിന് നല്ല ഫിസിക് ഉണ്ടായിരുന്നു. ശരിക്കും വി ഷേപ്പിലുള്ള അത്ലറ്റിക് ബോഡി. രാജേന്ദ്രന്റെ ഇരട്ടി വീതിയുള്ള ചുമലുകൾ. കടുംപച്ച നിറത്തിലുള്ള ടീഷർട്ട് പൊതുവെ നിറം കുറഞ്ഞ അയാൾക്ക് നന്നേ യോജിക്കുന്നുണ്ട്. കറുത്ത മുണ്ടു്. ശക്തമായ കൈകളിലെ മാംസപേശികളും ഞരമ്പുകളും എഴുന്നുനിന്നു. എന്തെക്കെയോ ടാറ്റൂ ചെയ്തിട്ടുള്ളത് ഷെമീന തിടപ്പള്ളിയിൽ വെച്ച് കണ്ടിരുന്നു. ഏതാണ്ട് അഞ്ചിഞ്ചു നീളംവരുന്ന കട്ട താടി അയാൾ നന്നായി ട്രിം ചെയ്യിച്ചിരുന്നു. ഇടതൂർന്ന ചുരുണ്ട തലമുടിയിൽ അവിടവിടെ തവിട്ടുനിറമുള്ള ഡൈ അടിച്ചിട്ടുണ്ട്. ഒരു കാതിൽ ഒരു വെള്ളിക്കമ്മൽ. കഴുത്തിൽ നിരവധി മാലകൾ. വലതുകൈയ്യിൽ ഒരു വെള്ളി ബ്രേസ്‌ലെറ്റിന്റെ തിളക്കം. പ്രവീൺ വളരെ ചെറുപ്പമായിരുന്നു. കഷ്ടിച്ച് 25 -26 വയസ്സ്.