ഷെമീന കുടപിടിച്ചു മധ്യത്തും പാപ്പാന്മാർ ഇരുവരും ഇരുവശത്തുമായി മഴനനഞ്ഞുകൊണ്ടും അവർ കുട്ടിശ്ശങ്കരന്റെനേർക്ക് നടന്നു. വളരെ നാളുകൾക്കു ശേഷമാണ് ചെരുപ്പിടാതെ താൻ മണ്ണിലൂടെ നടക്കുന്നത് എന്ന് ഷെമീന ഓർത്തു. ഇതിപ്പോൾ മണ്ണുമല്ല ചെളി എന്നുവേണമെങ്കിൽ പറയാം.
ക്ഷേത്രമൈതാനത്തിന്റെ പിന്ഗേറ്റിലെത്തിയപ്പോൾ അവർ അവിടെ ചാരിവെച്ചിരുന്ന ഏതാനും ചില വടികളും കണ്ടാൽ ചോദ്യചിഹ്നം പോലുള്ള ഒന്നുരണ്ടായുധങ്ങളും വെട്ടുകത്തിയും മറ്റും എടുത്തു. “ഇതാണ് ഞങ്ങടെ ടൂൾസ്.” പ്രവീൺ പറഞ്ഞു.
കത്തികളെല്ലാം കൂടി ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ ഇട്ടുവെച്ചിരിക്കയായിരുന്നു.
മഴ കുറഞ്ഞെങ്കിലും ശക്തിയായ കാറ്റ്. ഷെമീന കുട പിടിക്കാൻ ബുദ്ധിമുട്ടി. “അതേയ്, ഡോക്ടറിന് കുടയും പിടിച്ചു ആനപ്പുറത്തിരിക്കാൻ ബുദ്ധിമുട്ടാവും. പകരം ഈ തൊപ്പി വെച്ചാൽ തല നനയില്ല. ഇതാ ഒരു തോർത്ത് ചൂടിക്കൊള്ളൂ. ” രാജേന്ദ്രൻ പറഞ്ഞു. ഷെമീന കുട മടക്കി രാജേന്ദ്രനെ ഏൽപ്പിച്ചു. പകരം തോർത്തുപുതച്ചു തലയിൽ പ്രവീൺ കൊടുത്ത ഒരു പ്ലാസ്റ്റിക് ക്യാപ് വെച്ചു.
“ഇരിയാനെ” രാജേന്ദ്രൻ കുട്ടിശ്ശങ്കരനോട് ഉച്ചത്തിൽ പറഞ്ഞു. ആന മുൻകാലുകൾ മടക്കി മുട്ടുകുത്തുന്നത് ഷെമീന കൗതുകത്തോടെ കണ്ടു. ആഹാ ബാപ്പയുടെ കമ്പനി ഗൾഫിൽ സർവീസ് ചെയുന്ന ചൈനയുടെ ജെസിബി ഇത്രക്കു നന്നായി മൂവ് ചെയ്യില്ലല്ലോ!
“ചേട്ടായി ആദ്യം കയറ്.” പ്രവീൺ ഒന്നാം പാപ്പാനെ ഉപദേശിച്ചു. രാജേന്ദ്രൻ മുണ്ടു് മടക്കിക്കുത്തി ആനയുടെ മുട്ടുകാലിലും മറ്റും തപ്പിപിടിച്ചു അതിന്റെ കഴുത്തിലെ വട്ടവടത്തിൽ തൂങ്ങി നിഷ്പ്രയാസം കുട്ടിശ്ശങ്കരന്റെ മുകളിൽ എത്തി. കൈയുള്ള ബനിയനും കാവിമുണ്ടും അടിയിലൊരു കറുത്ത നിക്കറുമായിരുന്നു അയാളുടെ വേഷം. കഴുത്തിലും കയ്യിലുമൊക്കെ ചരടുകൾ കെട്ടിയിട്ടുണ്ട്. സാമാന്യം നല്ല ഉയരമുള്ള ഇരുനിറക്കാരൻ. ബോഡി ബിൽഡർ എന്നു പറയാൻ പറ്റില്ലെങ്കിലും നല്ല ഉറച്ച ശരീരം. അല്പം കഷണ്ടിയുള്ള ഒരു കട്ടിമീശക്കാരൻ. ഒരു മുപ്പത്തഞ്ചു വയസ്സുവരും.