“അതെന്താ ആന നാട്ടുകാരോട് പറയുമോ?” ഷെമീന ചോദിച്ചു. രാജേന്ദ്രൻ അതുകേട്ട് ഒരു വിഡ്ഢിച്ചിരി ചിരിച്ചു.
“ഒന്നാമനും രണ്ടാമനും കൂടെ നാട്ടാരോട് മൊത്തം പോയി പാടുകേയും പറയുകേയും ഒന്നും ചെയ്യാതിരുന്നാൽ ഒരു പ്രശ്നവുമില്ല. ഉണ്ടോ?” ഷെമീന തീർത്തുപറഞ്ഞു.
പ്രവീൺ തെല്ലൊന്നാലോചിച്ച ശേഷം പറഞ്ഞു. ” ചേട്ടായി, ഡോക്ടറുടെ ഫോണും മറ്റും കൊണ്ട് ഈ മഴയത്തു പുഴയിൽ ഒന്നും പോകാൻ പറ്റത്തില്ല. ഈ ചെരിപ്പും പറ്റില്ല.” ഷെമീന അന്ന് ധരിച്ചിരുന്നത് സിൽവർ നിറത്തിലെ ഒരു ഹൈ ഹീൽ ചെരിപ്പായിരുന്നു. “കാറിന്റെ ചാവിയും. അതെവിടെയേലും കളഞ്ഞാൽ പണികിട്ടും.” ഇപ്പോൾ അയാളുടെ വിക്ക് ഏകദേശം മാറിയെന്നുതോന്നി.
രാജേന്ദൻ പറഞ്ഞു, “അതെല്ലാം നമുക്ക് തിടപ്പള്ളിയിൽ വെക്കാം.”
ഷെമീന അതുകേട്ട് അന്തംവിട്ടുപോയി. “അതങ്ങ് കൊച്ചിയിലല്ലേ?”
പാപ്പാന്മാർ പൊട്ടിച്ചിരിച്ചു. “അത് ഇടപ്പള്ളി. ഇത് തിടപ്പള്ളി ദേണ്ടെ ആ ലൈറ്റ് കാണുന്ന കെട്ടിടം. ക്ഷേത്രത്തിന്റെ അടുക്കളയാണ് കൂടെ
താമസിക്കാൻ സൗകര്യമുണ്ട്. ഞങ്ങൾ അവിടെയാണ് താമസം.” അവർ തിടപ്പള്ളിയിലേക്ക് നടന്നു. ഓടിട്ട, വെള്ളക്കുമ്മായമടിച്ച, ഉയരം കുറഞ്ഞ ഒരു പഴയ കെട്ടിടം. റെഡ് ഓക്‌സൈഡ് ഇട്ട തിണ്ണ നെടുനീളത്തിൽ. അതിലേക്കു തുറക്കുന്ന മൂന്നോ നാലോ റൂമുകൾ. ഒന്നാമത്തെ റൂമിനു മുന്നിൽ ലൈറ്റ് ഉണ്ട്.
അവിടന്ന് ഒരു അമ്പതുമീറ്റർ അപ്പുറത്തു ഒരു ലോറി കിടക്കുന്നത് അവൾ കണ്ടു.
രാജേന്ദ്രൻ പെട്ടെന്ന് മുന്നിൽകയറി നടന്നുചെന്ന് ലൈറ്റ് ഓഫ് ചെയ്തു. പ്രവീണും ഷെമീനയും അയാളെ ചോദ്യഭാവത്തിൽ നോക്കി.
“അതേയ്, മെയിൻറോഡിൽ ആരെങ്കിലും നിന്നു നോക്കിയാൽ കാണാം.”