എൻറെ പ്രണയമേ 7 [ചുരുൾ]

Posted by

അല്ലി……. ഞാൻ വീണ്ടും പഴയതിലും പരിതാപകരമായി വിളിച്ചു.. ഇത്തവണ ഇതാരെങ്കിലും കേട്ടെങ്കിൽ ചിലപ്പോൾ ഒരു കാല് ചായയെങ്കിലും വാങ്ങിത്തരും അത്രയും ദയനീയമായിരുന്നു.

പെട്ടെന്ന് അവൾ മുഖമുയർത്തി എന്നെ നോക്കി.. എൻറെ ഹൃദയം കൊളുത്തി പിടിച്ചു.. ചുവന്നു കലങ്ങിയ കണ്ണുകൾ.. വീങ്ങിയ മുഖം.. വേദന നിറഞ്ഞ നോട്ടം.. താങ്ങാനുള്ള ശക്തി ഇല്ലാതെ ഞാൻ മുഖം കുനിച്ചു കളഞ്ഞു.

മഴയുടെ ശബ്ദവും.. വീശി അടിക്കുന്ന കാറ്റിൻറെ അസഹനീയമായ തണുപ്പ്.. വെള്ളി വെളിച്ചം വിതറി ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ മിന്നലും .. ഞങ്ങളും ആ കുന്നിൻ ചെരുവിൽ മൗനമായിരുന്നു.

എന്തു പറഞ്ഞു തുടങ്ങും.. എങ്ങനെ പരിഹരിക്കും.. എന്നെന്നേക്കുമായി വിട്ടു പോവുകയാണോ… ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

അല്ലി…….. ഞാനൊന്നുകൂടി ദയനീയമായി വിളിച്ചുനോക്കി.

വേണ്ട കണ്ണാ……. മൂർച്ചയുള്ള അവളുടെ ശബ്ദം.. മുട്ടുകാലിൽ നിന്നും മുഖമുയർത്തി നേരെ നോക്കി അവൾ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.

അത്.. കുഞ്ഞി.. എന്നോട് അവൾക്ക്……. അവളുടെ ഉറപ്പുള്ള ശബ്ദത്തിൽ പതറിക്കൊണ്ട് ഞാൻ വാക്കുകൾക്കായി തപ്പി തടഞ്ഞു.

ന്യായീകരണങ്ങൾ ഒരുപാടുണ്ടാവും കണ്ണാ.. ഞാൻ…….. അവൾ പറഞ്ഞു മുഴുമിപ്പിക്കാതെ പുറം കൈകൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു.
എന്നിൽ വല്ലാത്തൊരു ഭയം നിറയുന്നത് ഞാൻ അറിഞ്ഞു.

അല്ലി വിദൂരതയിലേക്ക് മഴയിലൂടെ കണ്ണുംനട്ട് ആ ഇരിപ്പ് അല്പനേരം തുടർന്നു മൗനമായി.
പെട്ടെന്ന് അവൾ പിടഞ്ഞ് എഴുന്നേറ്റു തിരിഞ്ഞു നടക്കുവാൻ തുടങ്ങി… പിടഞ്ഞ് എഴുന്നേറ്റ് ഞാൻ അല്ലിയുടെ കയ്യിൽ പിടിച്ചു… ആകെ നനഞ്ഞ് ഒട്ടിയ സാരിയുമായി പിന്തിരിഞ്ഞു നോക്കാതെ അവൾ ബലം പിടിച്ചു കൊണ്ട് എന്റെ കൈ കുടഞ്ഞിറിഞ്ഞു… ഒന്നു നോക്കുക പോലും ചെയ്യാതെ അല്ലി ആ നടപ്പ് തുടർന്നു…. മഴയിൽ നെറ്റിയിലേക്ക് വീണ മുടി കൈകൾ കൊണ്ട് കോതി ഇരുകൈകളും തലയിൽ ഞാൻ പോലും അറിയാതെ വച്ചുകൊണ്ട് അവളുടെ പോക്ക് ഞാൻ നോക്കി നിന്നു പോയി…. ഏകനായി.. നീറുന്ന ഹൃദയവുമായി.. എല്ലാം നഷ്ടപ്പെട്ടവനെ പോലെ.

Leave a Reply

Your email address will not be published. Required fields are marked *