മുഖത്തിന്റെ വശത്ത് നനഞ്ഞൊട്ടി കിടക്കുന്ന മുടി… ചുവപ്പു പടർന്ന കണ്ണുകൾ.. തണുപ്പുകൊണ്ട് ആയിരിക്കണം വിറക്കുന്ന ശരീരവും അവളുടെ അല്പം മലർന്ന ആരെയും മോഹിപ്പിക്കുന്ന ചുവന്ന അധരങ്ങളും.
ഞാൻ അല്ലിയുടെ മിഴികളിലേക്ക് എൻറെ നോട്ടം നട്ടു.
അവൾ അല്പം കിതച്ചുകൊണ്ട് എൻറെ കണ്ണുകളിലേക്ക് നോക്കി.
ഞാൻ തിരയുകയായിരുന്നു.. എന്നെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ എനിക്കായി മാത്രം വിരിയുന്ന ആ നോട്ടത്തിനായി.. എനിക്കായി മാത്രം അലയടിക്കുന്ന അടങ്ങാത്ത ആവേശത്തിനായി… കാണുന്നില്ല.
ഇടനെഞ്ച് വിങ്ങിപ്പൊട്ടുന്നതുപോലെ തോന്നിപ്പോയി എനിക്ക്… കണ്ണുകൾ നിറഞ്ഞൊഴുകി.. ഞാൻ അത്രയും ദയനീയമായി അവളെ നോക്കി.
ക്ഷമിച്ചൂടെ….. ഒരു ഗദ്ഗദത്തോടെ എൻറെ ശബ്ദം വെളിയിലേക്ക് വന്നു.
അല്ലിയുടെ മാൻപേട മിഴികളിൽ നിറഞ്ഞുനിൽക്കുന്ന വേദന ഞാൻ വ്യക്തമായും കണ്ടു… അത്രയ്ക്കും വേദനിപ്പിച്ചു ഞാനെൻറെ പെണ്ണിനെ.
അവസാന പ്രതീക്ഷ എന്നോണം ഞാൻ വീണ്ടും അല്ലിയെ നോക്കി.
നിർവികാരയായി അവൾ എന്നെ ഒന്നു നോക്കി… നെഞ്ചകം തകർന്നു പോയി… എൻറെ മുഖവും കുനിഞ്ഞു… ഞാൻ അവളിലെ പിടുത്തം അയച്ചു പിന്നിലേക്ക് വിട്ടു മാറി.. കുനിഞ്ഞ മുഖവുമായി തന്നെ.
തല ഉയർത്താതെ തന്നെ ഞാൻ അവളെ പിടിച്ചു കയറ്റി… അവൾ മുന്നിലും ഞാൻ പിന്നിലുമായി വീട്ടിലേക്ക് നടന്നു… നെഞ്ചിൽ വല്ലാത്തൊരു ഭാരം.. യാന്ത്രികമായിരുന്നു എൻറെ ചലനം.
ആരെയും നോക്കാൻ ശക്തിയില്ലാതെ ഹാളിലേക്ക് കയറിയ ഞാൻ പടികൾ ലക്ഷ്യമാക്കി നടന്നു… വീണ്ടും എന്തിനെന്നറിയാതെ ഒരു നോട്ടത്തിനു വേണ്ടി മാത്രം ഞാൻ ഒന്നു മുഖം ചെരിച്ച് നോക്കി.. ആ നിമിഷമാണ് അവളുടെ മുറിയുടെ വാതിൽ അടയപ്പെട്ടതും.. അവളുടെ ഹൃദയം എനിക്ക് മുന്നിൽ കൊട്ടിയടക്കും പോലെ.. ഉറക്കെ കരയുവാൻ തോന്നിപ്പോയ നിമിഷം.