തൊട്ടടുത്ത ഫ്ളാറ്റിലെ സന്ധ്യചേച്ചിയോട് അവൾ പെട്ടെന്നുതന്നെ അടുത്തു. അവളെക്കാൾ അഞ്ചുവയസ്സിന് മൂത്തതാണെങ്കിലും സന്ധ്യ അവളെ ഒരു കൂട്ടുകാരിയെപ്പോലെയാണ് കണ്ടിരുന്നത്.
സന്ധ്യയുടെ ഭർത്താവ് ബിബിൻ ബാംഗ്ലൂരിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ എഞ്ചിനീയർ ആണ്, ഇപ്പോൾ ആറുമാസത്തേക്ക് റഷ്യയിൽ ട്രെയിനിങ്ങിനുപോയതുകൊണ്ടാണ് സന്ധ്യ നാട്ടിലേക്കു തിരികെ വന്നത്. കുട്ടികളെ തല്ക്കാലം വേണ്ടെന്നു വെച്ചതല്ല എന്ന് സന്ധ്യ ലേശം വിഷമത്തോടെ ഷെമീനയോടു പറഞ്ഞിരുന്നു….
തികച്ചും സന്തോഷവതിയായാണ് ഷെമീനയുടെ ഉമ്മ ദുബായിലേക്ക് മടങ്ങിയത്.
വളരെ ശാന്തമായ ഒരു കിഴക്കൻ ഗ്രാമത്തിലായിരുന്നു ഷെമീനയുടെ PHC . പക്ഷെ നല്ല ടാറിട്ട റോഡുകൾ, മലയോര ഹൈവേ. അതിൽനിന്നും തിരിഞ്ഞു ഒരു രണ്ടുകിലോമീറ്റർ ചെന്നാൽ ഒരു പാടശേഖരം, അതുകഴിഞ്ഞു ഒരു കുന്നുകയറിയാൽ ഇടതുവശത്തു ഒരു രണ്ടേക്കർ വരുന്ന മൈതാനവും മറ്റുമുള്ള ഒരമ്പലം കാണാം.
അമ്പലം കഴിഞ്ഞാലുടൻ പഞ്ചായത്ത് ഓഫീസും ഇതുവരെ പൊളിയാത്ത ഒരു സഹകരണ ബാങ്കും. അത് കഴിഞ്ഞാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മുൻഗേറ്റ് കാണാം. പിന്നീടങ്ങോട്ട് ഇറക്കമാണ്. ഏഴെട്ടുപീടികകളുള്ള ടൗൺ. മൂന്നുനാലു ഓട്ടോറിക്ഷകളുള്ള ഒരു സ്റ്റാൻഡും രണ്ടു മെഡിക്കൽ ഷോപ്പുകളും PHC ക്കെതിർവശത്താണ്. KSEB ആപ്പീസും. ഇവയുടെ എല്ലാം പിന്നിൽ റബ്ബർതോട്ടങ്ങളാണ്.
PHC യുടെ പിൻവശത്തെ ഗേറ്റ് വഴി പോയാൽ ഏതാനും വീടുകളുണ്ട്. അതിലൊന്നിൽ കേന്ദ്രത്തിലെ നഴ്സുമാർ നാലുപേർ താമസമാണ്. ആ വീട് പണ്ടുതൊട്ടേ നഴ്സുമാർക്ക് മാത്രമേ വാടകക്ക് കൊടുക്കയുള്ളൂ അത്രേ. ഈ വീടുകൾക്ക് മുന്നിലെ പഞ്ചായത്തുവഴി വീണ്ടും കുന്നുകയറി ഒരു റ ആകൃതിയിൽ വളഞ്ഞു കുന്നിറങ്ങി തിരികെ ക്ഷേത്രത്തിനപ്പുറംവെച്ച് വീണ്ടും മെയിൻ റോഡിൽ കയറുന്നുണ്ട്.