എൽഇഡി ഹെഡ്‍ലൈറ്റിന്റെ വെട്ടത്തിൽ അവൾ ആനയെ വ്യക്തമായി അടുത്തുകണ്ടു. കുട്ടിശ്ശങ്കരൻ പതുക്കെ തിരിഞ്ഞു അവളെയും കാറിനേയും ഒന്ന്നോക്കി. എന്നിട്ടവൻ ക്ഷേത്രത്തിലേക്ക് നോക്കി. ഷെമീന ആ നോട്ടം പിന്തുടർന്നു.
അമ്പലപ്പറമ്പിൽനിന്നു രണ്ടുപേർ മഴയത്തു ഓടി വരുന്നു. പാപ്പാന്മാർ!
ഷെമീന ധൈര്യം കൈവിടാതെ ഫോണെടുത്തു ആസ്പത്രിയിലേക്ക് വിളിച്ചു. “നിങ്ങൾ പരിധിക്കു പുറത്താണ്”. കുന്നുകൾക്കിടയിലുള്ള ആ വഴിയിൽ ഒരു മൊബൈൽ നെറ്റ് വർക്കിനും റേഞ്ച് ഇല്ല എന്നവൾക്ക് അറിയില്ലായിരുന്നു.
അപ്പോഴേക്കും പാപ്പാന്മാർ അടുത്തെത്തി. അതിൽ മുതിർന്നയാൾ അവളെ പരിചയഭാവത്തിൽ ലേശം ബഹുമാനത്തോടെതന്നെ നോക്കി. അന്ന് ആനപ്പുറത്തിരുന്നു ചിരിച്ചയാളാണ് അയാൾ എന്ന് ഷെമീനക്ക് മനസ്സിലായി. അവൾ ഗ്ലാസ് താഴ്ത്തി.
“അയ്യോ ഡോക്ടർ എന്താ ഈ വഴിക്ക് ഇപ്പോൾ?” അയാൾ അമ്പരപ്പോടെ ചോദിച്ചു. “കാറിനു ജാസ്തി വല്ല കേടും പറ്റിയോ ആവൊ?”
ഷെമീനക്ക് ശരിക്കും ദേഷ്യം വന്നു. “ഇതെന്താ ആന നടുറോട്ടിൽ?” അവൾ ഈർഷ്യയോടെ ചോദിച്ചു.
അപ്പോഴേക്കും മറ്റേ പാപ്പാൻ അടുത്തുവന്നു. “അത് ഞങ്ങൾ ആനയെ കുളിപ്പിക്കാൻ കൊണ്ടു പോകാൻ ഇറങ്ങിയതാണെന്നെ. രാത്രി ഇതുവഴി വണ്ടി ഒന്നും വരാറില്ല. അപ്പുറത്തു നല്ല മെയിൻ റോഡുള്ളപ്പോൾ ഓ ഇതുവഴി ആരുവരാനാ? മൊത്തം കാട്ടുപന്നിയുടെ കളിയാണെന്നേ.”
അയാൾ കോട്ടയം സ്വദേശി ആണെന്ന് ഷെമീനക്ക് തോന്നി. അമ്പരപ്പുകാരൻ അപ്പോൾ സ്വയം പരിചയപ്പെടുത്തി. “ഞങ്ങൾ പാപ്പാന്മാരാ, ഞാൻ രാജേന്ദ്രൻ ഒന്നാം പാപ്പാൻ. ഇത് പ്രവീൺ രണ്ടാം പാപ്പാൻ”.