അവളുടെ ചിന്തകളെ ശരി വയ്ക്കും പോലെ തറുതല കേട്ട് വിഷ്ണു നെറ്റിയുഴിഞ്ഞു നിന്നു.
അവൻ തിരിഞ്ഞു മുറിയിലേക്ക് നടക്കാൻ ഒരുങ്ങി.
എന്നിട്ട് ഒന്ന് നിന്ന് കല്ലു പോലെയിരിക്കുന്ന പൂജയെ നോക്കി.
കാര്യമറിയാതെ സമാധാനം കിട്ടില്ല.
അതുപോലെ ഒരുപാട് നേരമൊന്നും അവളോട് മിണ്ടാതെയിരിക്കാൻ കഴിയില്ല.
പൂജയുടെ കാര്യത്തിൽ താൻ ഏറെ ദുർബലനായിട്ടുണ്ട് എന്നവനറിയാം.
തിരിച്ച് അവളുടെ അരികത്തു കിടന്ന കസേരയിൽ വന്നിരുന്നു.
“എന്റെ തലപ്രാന്ത് കൂട്ടല്ലേ നീ.. എന്താണെങ്കിലും എന്നോട് പറയ്.. പിണക്കം ഉണ്ടാവാനും വേണ്ടി ഞാനൊന്നും ചെയ്തില്ലല്ലോ.” വിഷ്ണു സ്വരം മയപ്പെടുത്തി.
“ഒന്നും ചെയ്യുന്നില്ല. അത് തന്നെയാ എന്റെ പ്രശ്നവും.” അവൾ അവൻ കേൾക്കാതെ പിറുപിറുത്തു.
വിഷ്ണുവിന്റെ കണ്ണുകൾ കൂർത്തു.
“എന്താ?”
“കുന്തം. നാട്ടിൽ നിന്ന് ഗ്രീഷ്മ വിളിച്ചു. അവൾക്ക് വിശേഷം ഉണ്ടെന്ന്.” ചാടിക്കടിക്കും പോലെ അവൾ പറഞ്ഞു.
“അതിന്?”
ദഹിപ്പിക്കുന്ന പോലെ പൂജ അവനെ നോക്കി.
“എടി കാര്യം പറയെടി.” അവൻ അന്താളിച്ചു.
“എന്ത് കാര്യം.. എല്ലാം പറഞ്ഞു തന്നിട്ടാണോ അറിയേണ്ടത്?
പൊട്ടൻ.” അവസാനത്തെ വാക്ക് പതിയെ വിളിച്ചു കൊണ്ട് അവൾ എഴുന്നേറ്റ് അടുക്കളയിലോട്ട് നടന്നു.
വിഷ്ണു അത് കേൾക്കുകയും ചെയ്തു.
പണ്ടത്തെ പോലെ തന്നെ പേടിച്ചു നടന്ന പൂജയല്ല ഇപ്പോൾ. ചെറിയ രീതിയ്ക്കൊക്കെ പൊട്ടനെന്നും നാറിയെന്നും ഒക്കെ താൻ കേൾക്കാതെ വിളിക്കാറുള്ളത് അവനറിയാം.
“അവൾ ഗർഭിണി ആയതിനു നീയെന്തിനാ എന്നോട് ചാടുന്നെ? എന്താ നിനക്കും ആവണോ?” വിഷ്ണു അടുക്കള വശത്തേക്ക് നടന്നു.