“എടി.. നിന്റെ മുഖമെന്താ ഇങ്ങനെയെന്ന്?” തോളിൽ ഒരു കുത്തു കൊടുത്തവൻ. ചുമല് വെട്ടിച്ചു കൊണ്ട് അവളതിന് പ്രതിഷേധിക്കുകയും ചെയ്തു.
വിഷ്ണു ആ മുഖത്തേക്ക് പാളിയൊന്ന് നോക്കി.
തുറിച്ച കണ്ണുകളോടെ ടീവിയിൽ നോക്കിയിരിപ്പാണ്.
ഇമയനങ്ങുന്നില്ല.
“ഞാൻ ചോദിക്കുന്നത് കേൾക്കുന്നില്ലേ നീ.. നിനക്കെന്താ പൊട്ടുണ്ടോ?” വിഷ്ണുവിന്റെ സ്വരം കടുത്തു. പറഞ്ഞതിനൊപ്പം തന്നെ റിമോട്ട് എടുത്ത് ടീവി ഓഫ് ചെയ്യുക കൂടി ചെയ്തു.
കാര്യം പറഞ്ഞിട്ട് പിണങ്ങിയിരിക്കുന്നതിൽ ന്യായമുണ്ട്. അല്ലാതെ പൊട്ടനാട്ടം കാണുമ്പോലെ കാര്യമറിയാതെ ഇരിക്കുമ്പോൾ അവന് ദേഷ്യം വരും. അതും പോരാഞ്ഞു ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരികയാണെങ്കിൽ അത് കുറച്ചു കൂടി കൂടും.
“ഹ.. ഏട്ടനിതെന്താ? ഞാൻ മര്യാദയ്ക്ക് ഇരിക്കുവല്ലേ..
ഏട്ടനെ ശല്യപ്പെടുത്താനൊന്നും വരുന്നില്ലല്ലോ..”
പൂജയ്ക്ക് അതിനേക്കാൾ ദേഷ്യം. തിരിഞ്ഞു കടുപ്പിച്ച് നോക്കിയിട്ട് നേരെയിരുന്നു.
“ഞാൻ ചോദിച്ചത് കേട്ടില്ലേ നീ..”
“ആ കേട്ടു.”
“എന്നിട്ടെന്താ ഒന്നും പറയാത്തെ? നിനക്കെന്താ എന്നോട് ഇത്ര ദേഷ്യം?”
“എനിക്കെന്ത് ദേഷ്യം? ഞാൻ അടി കൂടാൻ ഒന്നും വന്നില്ലല്ലോ..
പിന്നെ എന്റെ മുഖത്തിന്റെ കാര്യം.. എന്റെ മുഖത്തിനൊരു കുഴപ്പവുമില്ല. കൊമ്പോന്നും മുളച്ചില്ലലോ.. രാവിലെ പോയപ്പോ കണ്ടത് പോലെ തന്നെയില്ലേ.. പിന്നാ ചോദ്യത്തിന് മറുപടി പറയണ്ടാന്നു ഞാനങ്ങു കരുതി.”
തിരിഞ്ഞു നോക്കാൻ അവൾക്ക് തെല്ലു ഭയം തോന്നി.
ഏട്ടന്റെ ദേഷ്യം കൂടിയിട്ടുണ്ട് എന്നുറപ്പാണ്.
എങ്കിലും വിട്ടു കളയാൻ വയ്യ.
നെഞ്ചിലൊരു കല്ലിരിക്കുന്ന പോലെ ഭാരമുണ്ട്.