“മ്മ്..”
“നമുക്ക് ഇടയ്ക്ക് പോയി നിൽക്കാടി അവിടെ…”
“പെങ്ങളെ കെട്ടിച്ചു വിടുന്നില്ലേ എന്ന് ആങ്ങളയോട് എല്ലാരും തിരക്കും.”
പൂജ കണ്ണുകൾ തുറന്ന് മൂർച്ചയുള്ളൊരു നോട്ടം നോക്കിയവനെ.
“അത് ഞാൻ ഈ ചെവിയിൽ കൂടെ കേട്ട് അടുത്തതിൽ കൂടി കളയും.”
വിഷ്ണു പറയുന്നതിനൊപ്പം ആംഗ്യം കൂടി കാണിക്കുന്നുണ്ട്.
“വല്യച്ഛന്റെ അടുത്ത യാത്രയുടെ അന്ന് നമുക്ക് അങ്ങോട്ട് പോകാമോ?”
“മ്മ്.. പോവാം.”
സമ്മതിച്ചു കൊണ്ട് പൂജ കണ്ണുകളടച്ചു.
അവളുടെ വട്ട മുഖത്തിൽ വിഷ്ണു നോക്കിക്കിടന്നു.
വിഷ്ണുവിന്റെയും പൂജയുടെയും വല്യച്ഛൻ ഒരു ദേശാടനക്കിളിയാണ്. മാസങ്ങളോളം ആളെ കാണാൻ കിട്ടാറില്ല. നോർത്ത് ഇന്ത്യയിൽ ചുറ്റി നടക്കും. ഒരു ദിവസം പറയാതെ വന്നു കേറും. രണ്ട് ദിവസം കാണും. വീണ്ടും പറയാതെ ഒരു പോക്കാണ്. ഇനിയിപ്പോൾ പോയിട്ട് ഒരു തിരിച്ചു വരവ് കാണില്ലെന്നൊക്കെ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ നാട്ടിലെ തറവാട്ടിൽ വിഷ്ണു ഇടയ്ക്ക് പോകണമെന്നും രണ്ടായി ഭാഗം വച്ച് പൂജയ്ക്ക് ഉള്ളത് കൊടുത്ത് അവളെ വിവാഹം കഴിപ്പിച്ചു വിടണമെന്നുമൊക്കെ പറയുന്നുണ്ട് അയാൾ.
വല്യച്ഛൻ സംസാരിക്കുമ്പോഴൊക്കെ പൂജയുടെ വിവാഹക്കാര്യം ചർച്ച വരുമ്പോൾ അറിയാതെ നെഞ്ച് പിടയും വിഷ്ണുവിന്. അവൾ തന്റെ ഭാര്യയാണെന്നോ അവളെ പിരിഞ്ഞ് തനിക്കിനിയൊരു ജീവിതമില്ലെന്നോ ഒക്കെ പറയാൻ വെമ്പലുണ്ടാവും. എങ്കിലും ഒന്നും മിണ്ടാതെ എല്ലാം കേൾക്കും. വല്യച്ഛൻ കൂടി ഇല്ലെങ്കിൽ അമ്മ വീട്ടിലും അച്ഛൻ വീട്ടിലുമായി പിന്നെ ബന്ധങ്ങൾ ഒന്നുമില്ല.
ഓരോന്നോർത്തുകൊണ്ട് പൂജയുടെ പതുപതുത്ത കവിളിൽ അവൻ വിരലോടിച്ചു.