“തൊമ്മച്ചാ…”
അപ്പൻ വിളിച്ചു.
“ക്രിസ്തമസ്സ് ആണേലും എടാ എഴുതുന്നേറ്റെ ഒക്കത്തുള്ളൂ..എന്നാ ചെയ്യാനാ!”
“ആ…”
ഉറക്കച്ചടവ് അഭിനയിച്ച്, കോട്ടുവായിട്ട് അവൻ പറഞ്ഞു.
“നീ പതുക്കെ വാ..ഞാമ്പോയി തൊടങ്ങാം…”
എന്നത്തേയും പോലെ അപ്പൻ പറഞ്ഞിട്ട് പോയി.
കതക് അടഞ്ഞു. ചിരിയടക്കാൻ പാടുപെട്ട് തൊമ്മച്ചൻ നിശ്ചലം കിടന്നു. വികാരാധിക്യം മൂലം ഹൃദയം അതിൻ്റെ കൂടു പൊട്ടിച്ച് പുറത്തേക്കു ചാടുമോ എന്നവൻ ഭയപ്പെട്ടു.
സമയം അങ്ങനെ കടന്നുപോയി.
എത്ര സെക്കൻഡുകൾ! മിനിറ്റുകൾ!
അപ്പന്റെ കാൽപ്പെരുമാറ്റം വീണ്ടും കേൾക്കായി.
തൊമ്മച്ചന്റെ ഹൃദയമിടിപ്പ് കൂടി.
അവൻ നിശ്ചലം കിടന്നു.
“തൊമ്മച്ചാ…”
“അപ്പാ…”
അപ്പൻ ചിരിക്കുന്ന ശബ്ദം അവൻ കേട്ടു. കണ്ണുനീരിൽ കുതിർന്ന ചിരി.
“എന്നെ പൊട്ടൻ കളിപ്പിക്കാന്ന് വെച്ചല്ലേ, നീ?”
അപ്പനപ്പോൾ കട്ടിലിനോട് ചേർന്നാണ് നിൽക്കുന്നതെന്ന് കണ്ണുകൾ തുറക്കാതെ തൊമ്മച്ചന് മനസ്സിലായി. തൊടുന്ന അനുഭവം. അപ്പൻ പെട്ടെന്ന് ദേഹത്ത് നിന്നും മുഖത്ത് നിന്നും പുതപ്പ് മാറ്റി.
“ക്രിസ്തുമസ് അല്ലെ, അപ്പാ…”
പെട്ടെന്ന് അവന് മനസ്സിലായി, താൻ അപ്പന്റെ കരുത്തുറ്റ കൈകൾക്കുള്ളിലാണെന്ന്. ഇരുട്ടാണ്. അന്യോന്യം ആർക്കും ഒന്നും കാണത്തില്ല.
ഏറ്റവും കരുത്തുള്ള സ്നേഹം ചിലപ്പോൾ ഇരുട്ടിലാണ് ഏറ്റവും നന്നായി പ്രകാശിക്കുന്നത്.
“ഇതുവരെ ആരും ….”
അപ്പന്റെ ശബ്ദം മുറിഞ്ഞത് അവൻ കേട്ടു.
“ആരും ..അപ്പനെ ഇങ്ങനെ…ഇത്രേം നല്ല ഒരു കാര്യം …”
“അപ്പാ, അത്…”
അവൻ്റെ വാക്കുകളും മുറിഞ്ഞു.