ഒരിക്കലും അവൻ പശുക്കളെ തനിയെ കടന്നിട്ടില്ല. അപ്പനോടൊപ്പം കറക്കുമ്പോൾ ഉറക്കച്ചടവ് കാരണം അത്രയ്ക്ക് അങ്ങ് ഇഷ്ടവും തോന്നിയിട്ടില്ല, കറക്കുന്നതിനോട്.
പക്ഷെ ഇപ്പോൾ!
എത്ര അനായാസമാണ് താനിത് ചെയ്യുന്നത്!
ഓരോ നിമിഷവും അദ്‌ഭുതം കൊണ്ട് വിടർന്ന അപ്പന്റെ മുഖം അവൻ്റെ മനസ്സിലേക്ക് വന്നു.
എന്നും രാവിലെ അപ്പൻ തൻ്റെ മുറിയിൽ വരും.
“തൊമ്മച്ചാ, ഞാമ്പോയി തൊടങ്ങാം, നീ വന്നേരെ കേട്ടോ,”
എന്നും അപ്പൻ അത് പറയും.
പിന്നെ അപ്പൻ തൊഴുത്തിലേക്ക് പോകും. ആദ്യം വലിയ പാൽപ്പാത്രങ്ങൾ അപ്പൻ കഴുകും.
പക്ഷെ ഇന്ന്, ആ പാത്രങ്ങൾ ഒഴിഞ്ഞു കിടക്കില്ല.
പാൽ നിറഞ്ഞ്, പതഞ്ഞ്, നുരഞ്ഞ്….
“ഇതെന്നാ എടപാടാ…!”
ഒന്നും മനസിലാകാതെ അപ്പൻ തല ചൊറിയും.
അതോർത്ത് തൊമ്മച്ചന് ചിരിയടക്കാൻ കഴിഞ്ഞില്ല. ആ ഓർമ്മയിൽ, മടുപ്പറിയാതെ, ആസ്വദിച്ച് അവൻ കറവ തുടർന്നു. സുഗന്ധം പരത്തി രണ്ട് പാൽ നുരധാര പാത്രത്തിലേക്ക് അനസ്യൂതം നിർഗ്ഗളിച്ചു. ഒരു ആയാസവും അവനപ്പോൾ തോന്നിയില്ല. പ്രിയമായതെന്തോ ചെയ്യുന്ന സുഖം.
ഇത് അപ്പനുള്ള ക്രിസ്തുമസ് സമ്മാനം.
സമയം പിന്നിട്ടു.
വലിയ രണ്ട് പാത്രങ്ങളിലും പാൽ നിറഞ്ഞു.
പശുക്കൾ ഇന്ന് കൂടുതൽ ചുരത്തിയോ?
അവൻ പുഞ്ചിരിയോടെ സംശയിച്ചു.
പാൽപ്പാത്രങ്ങൾ അവൻ അടച്ചു വെച്ച് വെള്ളമൊഴിച്ച് തൊഴുത്ത് കഴുകി.
തിരികെ, ശബ്ദമുണ്ടാക്കാതെ, മുറിയിൽ വന്ന് അവൻ കട്ടിലിലേക്ക് നൂണ്ട് കയറി. ദേഹത്തേക്ക് പുതപ്പിട്ടു. നിമിഷങ്ങൾക്കുളിൽ അപ്പൻ തൻ്റെ മുറിയെ സമീപിക്കുന്നത് തൊമ്മച്ചൻ അറിഞ്ഞു. ആകാംക്ഷയും ഉദ്വിഗ്നതയും മൂലം ഉയർന്ന് പൊങ്ങുന്ന ശ്വാസം നിയന്ത്രിക്കാൻ അവൻ പാടുപെട്ടു. കതക് തുറക്കപ്പെടുന്നു ശബ്ദം കേട്ടു.