“ശരിയൊക്കെയാ അത്..”
നെടുവീർപ്പോടെ അപ്പൻ പറഞ്ഞു.
“എന്നാലും ഒറങ്ങിക്കെടക്കുമ്പം അവന്‍റെ മൊഖം കാണുമ്പം വിളിക്കാൻ തോന്നുകിലാ മേരീ…”
സ്നേഹാർദ്രതയുടെ ചൂടിൽ ഹൃദയം സുഖകരമായി ഒന്നുരുകി അപ്പോൾ. അപ്പൻ തന്നെ എന്തോരം സ്നേഹിക്കുന്നു!
ഇതിന് മുമ്പ് അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. അപ്പനോ അമ്മയോ ആരും തന്നെ അങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചിട്ടില്ല. വീട്ടിലെ പണികളും പറമ്പിലെ പണികളും കാരണം മര്യാദയ്ക്ക് ഒന്ന് പരസ്പ്പരം നോക്കാൻ പോലും ആർക്കും നേരം കിട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം!
അതിന് ശേഷം തൻ്റെ ചിന്തകളിൽ പ്രവർത്തികളിൽ വന്ന മാറ്റം!
കൂട്ടുകാരുമായുള്ള രാവിലത്തെ കറക്കം നിർത്തി. വീണ്ടും വീണ്ടും പണി ചെയ്യ് എന്ന് അപ്പനെക്കൊണ്ടും അമ്മയെക്കൊണ്ടും പറയിപ്പിക്കുന്നത് നിർത്തി.
തെയ്യാമ പല തവണ ക്ഷണിച്ചെങ്കിലും താന്‍ പിന്നീട് അവളെ തേടിപ്പോയിട്ടില്ല.
അവളെയെന്നല്ല, ആരെയും അടുപ്പിച്ചില്ല.
നാല് മണിക്ക് എഴുന്നേൽക്കും. ഉറക്കച്ചടവ് കാരണം കണ്ണുകൾ ഒട്ടിപ്പിടിച്ചിരിക്കുമെങ്കിലും, എത്ര വിഷമിച്ചിട്ടാണെങ്കിലും.
ക്രിസ്തുമസിന്റെ തലേ രാത്രി, അടുത്ത ദിവസത്തെപ്പറ്റിയോർത്ത് കിടക്കുകയായിരുന്നു അവൻ. നാളെ ആഘോഷമാണ്. ദരിദ്രരെങ്കിലും ക്രിസ്തുമസ് ദിവസം അപ്പനുമമ്മയും അത് തങ്ങളെ ഒരിക്കലും അറിയിക്കാറില്ല. കോഴിയും പോത്തും അപ്പവുമൊക്കെയായി ആഘോഷം പൊടിപൊടിക്കും. കേക്ക്, മറ്റ് മധുരപലഹാരങ്ങൾ, പിന്നെ സമ്മാനങ്ങൾ….
ചിലപ്പോൾ പുത്തൻ ഉടുപ്പുകൾ, ചിത്രകഥാ പുസ്തകങ്ങൾ…