മുകളിലെ ഫ്ലോറിൽ നിന്നും മോനിക്ക ഇറങ്ങി വരുന്നത് കണ്ടതും സ്റ്റെല്ല അവൾക്കായി ഒരു
ചോക്ലേറ്റ് നീട്ടി.. എന്നാൽ അവളുടെ മുഖം ആകെ വാടി വല്ലാത്ത ദേഷ്യത്തിൽ എന്ന പോലെയായിരുന്നു അത് കൊണ്ട് തന്നെ ചോക്ലേറ്റ് വാങ്ങാൻ കൂട്ടാക്കിയില്ല.
അത് ശ്രദ്ധിക്കാതെ സ്റ്റെല്ല ശിവയുടെ ഫോണിലേക്ക് ‘ എവിടെയാണ് ‘ എന്ന് മെസ്സേജ് അയച്ചു..
‘ഗ്രൌണ്ട് ഫ്ലോറിൽ ഉണ്ട് ‘ എന്ന് മറുപടി കിട്ടിയതും അവൾ താഴേക്ക് ഇറങ്ങി വന്നു.
പാർക്കിംഗിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ ഡോർ തുറന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ ആയിരുന്ന് അവൻ സിഗരറ്റ് വലിക്കുകയായിരുന്നു..
അവൾ അടുത്തേക്ക് വന്നതും അവന്റെ ചുണ്ടിൽ നിന്നും അധികാരത്തോടെ സിഗരറ്റ് എടുത്ത് നിലത്തിട്ട് ചവിട്ടി..
” എപ്പോ നോക്കിയാലും ഒരു വലി..!! ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞത് ആണ് ”
കലിപ്പിട്ട മുഖത്തോടെ പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്നു അവൾ അകത്തേക്ക് കയറി.
ശിവ അതിനു ചിരിക്കുക മാത്രം ആണ് മറുപടി നൽകിയത്..
” ഓരോ ദിവസം കൂടുന്തോറും പെണ്ണ് സുന്ദരിയായി കൊണ്ടിരിക്കുകയാണല്ലോ ” ശിവയുടെ കമന്റ് അവൾ ഒരു വശ്യമായ ചിരയോടെ ആസ്വദിച്ചു.
” ഹാപ്പി ബർത്ത് ഡേ ടു യു പെണ്ണേ ”
” താങ്ക്യൂ ”
അവൾ തന്റെ കൈയിലെ ചോക്ലേറ്റ് ബോക്സ് ശിവയ്ക്ക് നേരെ നീട്ടി.. അവൻ അതിൽ നിന്ന് ഒരെണ്ണം എടുത്തു.
” ശിവ നാളെ ഫ്രീയാണോ ?? ”
” എന്താ കാര്യം ?? ”
” ഒന്നുമില്ല വീട്ടിൽ ചെറിയൊരു കേക്ക് മുറിക്കുന്നുണ്ട് സോ ഫ്രീയാണെങ്കിൽ വീട്ടിലേക്ക് വരികയാണെങ്കിൽ എനിക്ക് സന്തോഷമാകും ”
മുഖത്ത് നിറഞ്ഞു പുഞ്ചിരിയോടെയാണ് സ്റ്റെല്ല അത് ചോദിച്ചത്.