കുറച്ചു കൂടി ഓടിയ ശേഷം ഭഗത് റോഡ് സൈഡിലേക്ക് ഒതുക്കി കാർ നിർത്തി. ഏകദേശം അഞ്ചു മിനിറ്റോളം കഴിഞ്ഞതും ഒരു ബൈക്ക് വന്ന് അവർക്ക് സൈഡിലായി നിർത്തി..
അതിൽ നിന്നും ഹെൽമറ്റ് താഴ്ത്തി കാറിനകത്തേക്ക് ഒരു കൈ നീണ്ടു.. രണ്ട് വിരലിലും സ്വർണ്ണ മോതിരം അണിഞ്ഞ കയ്യിലേക്ക് ശിവ ഒരു ചെറിയ കവർ വച്ച് കൊടുത്തു അയാൾ അത് വാങ്ങി അതുപോലെ വണ്ടിയെടുത്ത് തിരികെ പോയി.
ബൈക്ക് കടന്ന് പോയതും ശിവയുടെ വാഹന വ്യൂഹം വീണ്ടും ഓടി തുടങ്ങി.
” നമ്മൾ ഇതിൽ നിന്നും ആൽബിയെ ഒഴിവാക്കും ഭഗത്ത്..!! പിന്ന ആ പയ്യനെ ഡയറക്ടായി സജിൻ എന്ന് പറഞ്ഞവനുമായി കണക്റ്റ് ആക്കും സൊ എല്ലാവരും ഒറ്റ അടിക്ക് സേഫ് ആവും..!! മനസ്സിലായോ ?? ”
” മനസ്സിലായി ചേട്ടാ..!! ”
” ഞാൻ ഒന്ന് കിടക്കുവാ നീ എത്തുമ്പോൾ വിളിക്ക് ”
അതും പറഞ്ഞു ശിവ പുറകിലേക്ക് ചാഞ്ഞു കിടന്നു.. നനഞ്ഞു കിടക്കുന്ന ഹൈവേയിൽ കൂടി കാറുകൾ അതിവേഗം ശിവയുടെ അപ്പാർട്ട്മെൻറ് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരിക്കുന്നു….!!!
സ്റ്റെല്ല വന്നു കയറുമ്പോൾ തന്നെ ആൽബിൻ ഹാളിൽ ഉണ്ടായിരുന്നു സാധാരണ സമയത്ത് നിന്നും ഏകദേശം രണ്ടു മണിക്കൂറോളം വൈകി അവൾ എത്തിയതും ആൽബിൻ ഒന്നും മനസ്സിലാവാതെ സ്റ്റെല്ലയുടെ മുഖത്തേക്ക് നോക്കി.
” ഫോൺ വിളിച്ചാൽ എടുക്കാൻ
അറിയില്ലേ..?? ”
അവൻറെ ചോദ്യത്തിൽ വല്ലാത്ത ദേഷ്യം നിറഞ്ഞു നിന്നിരുന്നു.
” അറിയാമായിരുന്നു പക്ഷേ എടുത്തില്ല..!! ”
” എന്തുകൊണ്ട് എടുത്തില്ല..?? കാരണം ഒന്നുമില്ലേ.?? ”
ആൽബിന്റെ സംസാരം കനത്തു വന്നു കൊണ്ടിരുന്നു.