” സർ എന്റെ ഫോൺ ഒന്ന് തരാമോ എനിക്കൊരു കോൾ ചെയ്യാനുണ്ട് ”
ഇനിയും തന്നെ കൊണ്ട് ഒറ്റക്ക് പിടിച്ചു നിൽക്കാൻ ആവില്ല എന്ന് അവൾക്ക് മനസിലായിരുന്നു.
” അതും ഞാൻ തെളിവിന്‍റെ പട്ടികയിലാണ് കൊടുത്തിരിക്കുന്നത്..!! നിങ്ങൾ ഡാറ്റ ഡിലീറ്റ് ആക്കിയാലോ..? ഫോൺ തരാൻ കഴിയില്ല ”
” ഒരേ ഒരു കോൾ ചെയ്യാനാണ് സർ ” അവളൊട് മനസ്സ് അലിവ് തോന്നിയിട്ട് ആവണം എസ് ഐ ഒന്നാലോചിച്ചതിനു ശേഷം അവളോട് പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു.
സ്റ്റെല്ല പുറത്തിറങ്ങി അവിടെ ഇട്ടിരുന്ന ഒരു സൈഡ് ബെഞ്ചിൽ പോയിരുന്നു… കുറച്ചു കഴിഞ്ഞതും വയസ്സായ പോലീസുകാരൻ ഫോണും കൊണ്ട് അവളുടെ അടുത്തേക്ക് വന്നു..
” മോള് മലയാളിയാണല്ലേ…?? ”
അടുത്തേക്ക് വന്നിരുന്ന കുറച്ചു പ്രായമുള്ള പോലീസുകാരൻ അവളോട് മലയാളത്തിൽ സംസാരിച്ചു..
അയാളുടെ രണ്ട് കൈ വിരലിലും മലയാളത്തിൽ പേര് കൊത്തിയ സ്വർണ്ണ മോതിരം ഇട്ടിരിക്കുന്നത് സ്റ്റെല്ല ശ്രെദ്ധിച്ചു..!!
” അതെ സർ..!! താങ്ക്യൂ സർ. ഞാൻ സത്യം ആണ് പറയുന്നത് എനിക്കിതിൽ യാതൊരു മനസ്സ് അറിവും ഇല്ല ”
” ഫോൺ ഞാൻ നൽകാം പക്ഷേ ഇപ്പോഴും ഇതിന്റെ സീരിയസ്നെസ്സ് കഴിഞ്ഞിട്ടില്ല പിന്നെ മോൾക്ക് അറിയാമല്ലോ ഇത് ബാംഗ്ലൂരാണ് ഇവിടെ ക്യാഷ് ഉണ്ടെങ്കിൽ മയക്കുമരുന്ന് കൂവ പൊടിയായും കൊലപാതകം ആത്മഹത്യയായും മാറും..!! മോൾക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ ?? ”
അവൾ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.
” മോളെ അറിയാമല്ലോ ഈ നാട് ഭരിക്കുന്നത് പണമുള്ളവനും രാഷ്ട്രീയക്കാരനും സ്വാധീനം ഉള്ളവരും ആണ്..!! ശരിക്ക് ആലോചിക്ക് എന്നിട്ട് കുറച്ചു ഹോൾഡ് ഉള്ള ആരെങ്കിലും മോളുടെ കോൺടാക്ടിൽ ഉണ്ടോ എന്ന് നോക്കി അവരെ വിളിച്ചൊന്ന് സംസാരിക്ക് “