തിരക്കൊന്നു കുറഞ്ഞതും അപ്പാർട്ട്മെൻറ് ലക്ഷ്യമാക്കി വണ്ടി തെരുവിലൂടെ ഓടിക്കൊണ്ടിരുന്നു..
ഏകദേശം മെയിൻ ഹൈവേയിൽ നിന്നും തങ്ങളുടെ അപ്പാർട്ട്മെന്റിലേക്കുള്ള സർവീസ് റോഡിന് അടുത്ത് എത്തിയതും റോഡ് സൈഡിൽ പതിവില്ലാത്ത ചെക്കിങ്ങ് അവൾ ശ്രദ്ധിച്ചു.
കാര്യം തൻറെ വണ്ടിയുടെ ബുക്കും പേപ്പറും എല്ലാം കറക്റ്റ് ആണെങ്കിലും ലൈസൻസ് ഉണ്ടെങ്കിലും ഇപ്പോഴും പോലീസിനെ കാണുമ്പോൾ ചെറിയൊരു ടെൻഷനാണ്..
അവൾ അടുത്തേക്ക് എത്തിയതും പ്രതീക്ഷിച്ചത് പോലെ തന്നെ അവർ വണ്ടിക്ക് കൈ നീട്ടി..
വണ്ടി സ്റ്റാന്റിൽ ചാരി വെച്ചതും ലൈസൻസും വണ്ടിയുടെ ആർ സിയും അവർ ചോദിച്ചു.. ഹെൽമറ്റ് അഴിക്കാതെ തന്നെ പേഴ്സിൽ നിന്നും തന്റെ ലൈസൻസും അതിനൊപ്പം ഫോണിൽ ഡോക്യുമെൻറായി സൂക്ഷിച്ചിരുന്ന വണ്ടിയുടെ ആർ സി യും അവൾ കാണിച്ചു കൊടുത്തു.
” ഞങ്ങൾക്ക് വണ്ടിയുടെ ഡിക്കിയും ബാഗും ഒന്ന് ചെക്ക് ചെയ്യണം..”
” അതെന്തിനാണ് സാർ..?? ”
” ഒന്നുമില്ല ഇവിടെ കുറച്ച് ലഹരി ഉപയോഗം ഉള്ളതായി സൂചന കിട്ടിയിട്ടുണ്ട് ഒരു പ്രൊസീജിയർ മാത്രമാണ് ”
അതും പറഞ്ഞ് ഒരു കോൺസ്റ്റബിൾ വണ്ടിയുടെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു.
ഡിക്കി തുറന്നതും അതിൽ പ്രത്യേകിച്ച് ഒന്നും തന്നെ ഉണ്ടായിരുന്നില്ല..
ചെക്കിംഗ് കഴിഞ്ഞ് അവൾ പോകാൻ തുടങ്ങുന്നതിനു മുന്നായി വയസ്സൻ ആയ ഒരു പോലീസുകാരൻ അവളുടെ അടുത്തേക്ക് വന്നു.
” ജസ്റ്റ് ആ ബാഗ് കൂടി ഒന്ന് കാണിച്ചേക്ക്..?? ” അവൾ ബാഗ് തുറന്നതും പോലീസുകാരന്റെ നോട്ടം പയ്യൻ നൽകിയിരുന്ന പൊതിയിലെക്ക് ഉടക്കി..!!
ബാഗിലേക്ക് കൈ കടത്തി അയാൾ ചെറിയ സംശയത്തോടെ പൊതി പുറത്തേക്കെടുത്തു.