സൈഡ് സ്റ്റാന്റിൽ നിന്നും സ്കൂട്ടിയിറക്കി അതിലേക്ക് കയറി ഇരുന്നതും വണ്ടിയുടെ മിററിൽ കൂടി തന്റെ തൊട്ട് പുറകിൽ നിൽക്കുന്ന ഒരു പയ്യനെ അവൾ ശ്രെദ്ധിച്ചു..!!
” ഹലോ സ്റ്റെല്ല ചേച്ചിയല്ലേ..?? ” അപരിചിതമായ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കിയതും അവൻ അടുത്തേക്ക് വന്നു.
ഷർട്ട് ഇൻസൈഡ് ചെയ്തു പ്രൊഫഷണൽ ലുക്കിൽ ഒരു പയ്യൻ..
” എനിക്ക് മനസ്സിലായില്ല..?? ”
അവൾ സംശയത്തോടെ അവനെ നോക്കി.
” ചേച്ചി എൻറെ പേര് ജിതിൻ ഞാൻ ചേച്ചിയുടെ കസിൻ സജിന്റെ ഫ്രണ്ട് ആണ് ഞാൻ ഒരിക്കൽ സജിന്റെ കൂടെ അപ്പാർട്ട്മെന്റിലേക്ക് വന്നിട്ടുണ്ടായിരുന്നു..!! അപ്പോൾ ചേച്ചി അവിടെ ഇല്ലായിരുന്നു ആൽബിൻ ചേട്ടായി മാത്രമേ ഉണ്ടായിരുന്നുള്ളു ”
ആൽബിയുടെ പേര് പറഞ്ഞതും അവൾക്ക് ചെറിയ ആശ്വാസം തോന്നി.. അപ്പോൾ ഏതോ വകയിൽ തന്നെ അറിയുന്ന പയ്യനാണ്.
” ചേച്ചി ഞാൻ ഇതേ പാർക്കിൽ ഒരു കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്..!! ആൽബിൻ ചേട്ടായി വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ചേച്ചി എനിക്കൊരു ഹെൽപ്പ് ചെയ്യാമോ ?? ”
” എന്താണ് ഹെൽപ്പ് ?? ”
” സജിൻ എന്നോട് ഒരു സാധനം ചോദിച്ചിട്ട് ഉണ്ടായിരുന്നു..!! അവൻ ആണേൽ നാട്ടിലും, പിന്നെ അവൻ വരുമ്പോഴേക്ക് ഞാൻ നാട്ടിൽ പോകുന്നത് കൊണ്ട് ആൽബിൻ ചേട്ടായിയുടെ കയ്യിൽ കൊടുത്ത് ഏൽപ്പിക്കാനാണ് പറഞ്ഞത്… ചേച്ചി ഇതൊന്ന് ആൽബിൻ ചേട്ടായിക്ക് കൊടുത്തേക്കാവൊ..?? ”
അവൻ തന്റെ കയ്യിൽ നിന്നും ഒരു പൊതി അവൾക്കായി നീട്ടി.
” സജിൻ വന്ന് വാങ്ങിക്കോളും ”
അവൻ നീട്ടി പിടിച്ച പൊതി വാങ്ങുന്നതിന് മുമ്പായി സ്റ്റെല്ല അവനെ ഒന്ന് നിരീക്ഷിച്ചു കുറച്ച് മെലിഞ്ഞിരിക്കുന്ന ഒരു പയ്യൻ…
പ്രേത്യേകിച്ച് അസ്വാഭാവികത ഒന്നും തോന്നുന്നില്ല എങ്കിലും അവൻറെ മുഖത്തായി കനത്തിലുള്ള അടി കിട്ടിയ പാട് അവൾ ശ്രദ്ധിച്ചു..