കഴിഞ്ഞ ഒരാഴ്ച ശരിക്കും ഒന്ന് ആഘോഷിച്ചു രാവിലെ എഴുന്നേൽക്കുക ആൽബിയെ പറഞ്ഞുവിട്ടതിനുശേഷം ഒരുപാട് സമയം കുഞ്ഞിനൊപ്പം ചിലവഴിക്കുക ഇഷ്ടപെട്ട ഫുഡ് കഴിക്കുക.. പിന്നെ വേണ്ടുവോളം റെസ്റ്റ്..!!
പിന്നെ അഞ്ചു ലീവും രണ്ട് വീക്ക് ഓഫും കൂടി ഏഴ് ദിവസമല്ലേ അത് പെട്ടെന്ന് പോവുകയും ചെയ്തൂ.. ഇപ്പോൾ വീണ്ടും ഓഫീസിലേക്ക് തിരിച്ചു കയറാനായിരിക്കുന്നു.
അവൾ കണ്ണാടിക്ക് മുന്നിലെത്തി ഇളം റോസ് നിറമുള്ള സാരിയും വെള്ള ബ്ലൗസും തനിക്ക് നന്നായി ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തി..!!
കുറച്ചു ദിവസം അടുപ്പിച്ചു എല്ലാ തിക്കിലും തിരക്കിലും നിന്ന് ഒഴിഞു മാറി നിന്നത് കൊണ്ട് ആവാം അവൾ ഒന്ന് മിനുങ്ങിയിരുന്നു..
കാതിൽ തൂങ്ങി കിടക്കുന്ന രണ്ട് ജിമിക്കി കമ്മലുകളും കഴുത്തിലെ മുത്തുമാലയും ശിവ സമ്മാനിച്ച മൂക്കുത്തിയും എല്ലാം കൂടി തൻറെ സൗന്ദര്യമെടുത്ത് കാണിക്കുന്നതിൽ അവൾക്ക് അഭിമാനം തോന്നി..!!
” ആൽബി ഫുഡ് എടുത്ത് വച്ചിട്ടുണ്ട്… തണുപ്പ് ആവുന്നതിനു മുന്നേ കഴിക്കാൻ നോക്ക്..!! ”
വാതിൽക്കൽ വന്ന് അന്ന മോൾക്ക് ഒരു ചുംബനം നൽകുന്നതിടയിൽ അവൾ ആൽബിയെ പിച്ചി.
” ചുമ്മാതിരിക്ക് പെണ്ണെ.. ”
അവൻ പിന്നെയും തിരിഞ്ഞു കിടന്നു.
” ഞാൻ ഇറങ്ങാൻ പോവാ..!! അധികം കിടക്കാൻ നിക്കണ്ട മോളെ നേരത്തെ കൊണ്ട് വിട്ടേക്ക്…! ബൈ ഉമ്മാ ”
ആൽബിയോട് കാര്യങ്ങൾ പറഞ്ഞു ഏൽപ്പിച്ച് യാത്ര പറഞ്ഞശേഷം അവൾ പുറത്തേക്ക് ഇറങ്ങി
ഇലക്ട്രോണിക് സിറ്റിയുടെ റോഡിൽ അതിരാവിലെ ഈ തിരക്ക് പതിവുള്ളതാണ്. രാവിലെ ജോലിക്ക് പോകുന്നവരും നൈറ്റ് കഴിഞ്ഞു തിരിച്ചു പോകുന്നവരും സ്കൂളിലേക്ക് പോകുന്ന കുട്ടികളും പല ബിസിനസ് ആവശ്യങ്ങളുമായി ഇറങ്ങുന്നവരും എല്ലാം കൂടി രാവിലെ ഒരു തിരക്ക് ഇവിടെ പതിവുള്ളതു തന്നെയാണ്…