” നീ ഇതിനു മാത്രം പേടിക്കേണ്ട കാര്യമൊന്നുമില്ല കൊച്ചേ പിള്ളേര് ആകുമ്പോൾ ചെറിയ പനിയും ജലദോഷവും ഇടക്കൊക്കെ അങ്ങ് വരും..!! എവിടെ സ്റ്റെല്ല മോൾ അടുത്ത് തന്നെയില്ലേ ? ”
” അവൾ ഇവിടെ തന്നെയുണ്ട് മമ്മി..!! ”
ആൽബിക്ക് ഒരു കള്ളം പറയേണ്ടി വന്നു.
” ശരി..! പപ്പയോട് ഞാൻ കാര്യം പറഞ്ഞേക്കാം ഇനി നീ വിളിച്ചു പറയേണ്ട വെറുതെ ടെൻഷൻ ആകും ”
” അത് കുഴപ്പമില്ല ഞാൻ പറയുന്നില്ല മമ്മി തന്നെ പറഞ്ഞാൽ മതി ”
നാട്ടിലെ കുറച്ച് വിശേഷങ്ങളൊക്കെ പരസ്പരം പങ്കുവെച്ച ശേഷം കുറച്ചു കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞ് മമ്മി ഫോൺ വെച്ചു.
കോൾ കട്ട് ചെയ്ത് ആൽബി ഫോൺ പോക്കറ്റിലേക്ക് ഇട്ടു പിന്നെ രണ്ടു കൈകൊണ്ടും മുഖം പോത്തി കുറച്ചു സമയം അവിടെ തന്നെ കുനിഞ്ഞ് ഇരുന്നു..
അവന്റെ ചിന്തകൾ പല ദിശയിൽ സഞ്ചരിച്ച് ഒടുക്കം ഒരു പോയിന്റിൽ എത്തി..
” ഏത് മുടിഞ്ഞ സമയത്താണൊ ഓരോന്ന് തുടങ്ങി വക്കാൻ തോന്നിയത്…!!!!! ”
****** ***** *****
മാർച്ച് മാസം അവസാനിക്കാറായിരിക്കുന്നു ബാംഗ്ലൂരിലെ കാലാവസ്ഥ ഇപ്പോൾ ഏറ്റവും നല്ല രീതിയിലാണ് ഉള്ളത്..
പലയിടത്തും നിറഞ്ഞു പൂക്കുന്ന ചെടികൾ.. ബാംഗ്ലൂരിന്റെ മാത്രം സ്പെഷ്യാലിറ്റി ആയ വഴിയോരങ്ങളിൽ റോസ് നിറത്തിൽ പൂത്തു നിൽക്കുന്ന മരങ്ങൾ..
ഒരാഴ്ചത്തെ ലീവ് കഴിഞ്ഞ് സ്റ്റെല്ല ഇന്ന് വീണ്ടും തിരിച്ചു കയറുകയാണ്..
ആൽബി ഇപ്പോഴും എഴുന്നേറ്റിട്ടില്ല രാവിലെ എഴുന്നേറ്റ് വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്തു അവൾ പോകാനുള്ള തത്രപ്പാടിലേക്ക് ആയി.