നിലവിൽ ടീമിലെ സീനിയർ താൻ ആയതിനാൽ മാനേജർ പോകുമ്പോഴെല്ലാം ഓഫീസിലെ ഇൻ ചാർജ് ഡ്യൂട്ടി തനിക്ക് തന്നെയാണ് തരുന്നത്..
വീട്ടിലേക്ക് വന്ന് കയറിയതും സ്റ്റെല്ലയുടെ മുഖഭാവം കനത്തിരിക്കുന്നത് അവൻ ശ്രദ്ധിക്കുക ഉണ്ടായി..
” എന്താ പെണ്ണേ ഇതുവരെ അതിന് തീരുമാനം ഒന്നുമായില്ലേ..?? ”
റൂമിലേക്ക് കയറി മുണ്ട് വട്ടം ചുറ്റി പാന്റ് അഴിക്കുമ്പോൾ അവൻ സംസാരത്തിന് തുടക്കമിട്ടു.
” ഞാൻ ചായ എടുത്തു വെക്കാം ആൽബി കുളിച്ചിട്ട് വാ..!! ”
ബന്ധമില്ലാത്ത മറുപടി ആണ് കിട്ടിയത്.
” ഡി എന്നാ പറ്റിയെ.. ഇന്ന് നടക്കാൻ ഒന്നും പോയില്ലെ..? ”
” ഞാനിന്നൊരു കോപ്പിലേക്കും പോയില്ല എനിക്ക് ഒരു മൂഡ് ഉണ്ടായില്ല..!! ”
അവളുടെ മറുപടി കേട്ടതും ആൽബി ചെറുതായി ചിരിച്ചു.
സ്റ്റെല്ലാ അടുക്കളയിലേക്ക് കയറിയതും അവൻ ഡ്രസ്സ് മാറി നേരെ പുറത്തേക്ക് ഇറങ്ങി തൊട്ടപ്പുറത്തുള്ള ഫ്ലാറ്റിലേക്ക് ചെന്നു.
അവിടെനിന്നും തനിക്ക് എത്തിയ പാഴ്സൽ വാങ്ങി സ്റ്റെല്ല കാണാതെ തന്നെ അകത്തേക്ക് കൊണ്ടു വന്ന് ഭദ്രമായി ഒരു സ്ഥലത്ത് ഒളിപ്പിച്ചു വെക്കുവാനും അവൻ മറന്നില്ല..!!
‘ എപ്പോഴെങ്കിലും അവൾ മാറുമ്പോൾ വേണം അത് പൊട്ടിച്ച് അതിൻറെ കാര്യങ്ങൾ ഒക്കെ ഒന്നു പഠിക്കുവാനും ശ്രദ്ധിക്കുവാനും ‘
ഇപ്പോൾ ഈ സാധനം വാങ്ങിയതിന് അവനു പ്രത്യേകിച്ച് ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല എങ്കിലും കയ്യിൽ ഉണ്ടാകുന്നത് നല്ലതാണ് എന്ന് തോന്നിയിരുന്നു.
തിരികെ വന്നപ്പോഴേക്കും സ്റ്റെല്ല അവനുള്ള ചായ എടുത്തു വച്ചിട്ടുണ്ടായിരുന്നു..
” പുതിയ ഒരുത്തി വന്നു കയറിയിട്ടുണ്ട് അവളുടെ വിചാരം എന്തോ വലിയ സംഭവമാണെന്നാ.. അവളുടെ മുടി അഴിച്ചുള്ള നടപ്പും പെരുമാറ്റൊം എല്ലാം കൂടി ഇപ്പം മല മറിക്കും ”
അവളുടെ സംസാരം കേട്ട് ആൽബിക്ക് ഉള്ളിൽ ചിരി പൊട്ടുന്നുണ്ടായിരുന്നു.