അതോടെ എന്‍റെ ജീവിതം കട്ടപ്പുകയായി മാറി. പെങ്ങളുടെ കല്യാണത്തിനായി എന്‍റെ ഭാര്യയുടെ ആഭരണങ്ങള്‍ കുറെ വിറ്റു, പണയം വെച്ചു. എന്നാല്‍ കല്യാണത്തിന്‍റെ തലേ ആഴ്ച അവര്‍ പറയുന്നു പോക്കറ്റുമണി ആയി അമ്പതിനായിരം കൊടുത്താലെ കല്യാണം നടക്കൂ എന്നു.
പെങ്ങള്‍ പുര നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങി കാലം ഏറെയായി മൂക്കില്‍ പല്ലു വരാറായപ്പോഴാണു ആ കല്യാണം തന്നെ ഉറച്ചത് , പക്ഷെ അമ്പതിനായിരം രൂപക്കെവിടെപോകും? കെട്ടിയിട്ടടിച്ചാല്‍ പണമില്ല അങ്ങിനെയാണു ഞാന്‍ ഗ്രാമത്തിലെ ഷൈലോക്കായ മിന്നലടി കൊച്ചുയോഹന്നാനെ സമീപിച്ചത്.
യോഹന്നാന്‍ ചേട്ടന്‍ ഒരു ആറടിപൊക്കം അറുപതു വയസ്സുള്ള ഒരു ക്രിസ്ത്യാനിയാണു. കൊമ്പന്‍ മീശ ഞാന്‍ ചെന്നു കാര്യം പറഞ്ഞു. ‘ഗോപിസാറെ സാര്‍ ജോലീല്‍ എന്തോ കള്ളം കാണിച്ചു വെളീലാണെന്നല്ലെ പറഞ്ഞത്, അപ്പോള്‍ പണത്തിനു ഈടെന്താ കൊണ്ടു വന്നത്?’
‘സ്വര്‍ണം ഒക്കെ പണയം വച്ചിരിക്കുകയാണു എനിക്കു വാക്കാല്‍ തരണം ആറു മാസത്തിനകം തിരിച്ചടക്കാം’, ഞാന്‍ പറഞ്ഞു.
‘അതു പറ്റത്തില്ലെ ഗോപിസാറെ വീടിന്‍റെ ആധാരം ഇങ്ങു കൊണ്ടുവാ. ഞാന്‍ ഒന്നും ചെയ്യത്തില്ല. പിന്നെ മനുഷ്യന്‍റെ കാര്യമല്ലിയോ ഇന്നു കണ്ടവനെ നാളെ കാണുന്നില്ല. എന്‍റെ മോന്‍ വര്‍ക്കി അമേരിക്കയില്‍ നിന്നു കഷ്ടപ്പെട്ടു അയക്കുന്ന പണമാണു ഈ ബ്ലേഡു കൊടുക്കുന്നതേ, അപ്പം ചില വ്യവസ്ഥകള്‍ ഇല്ലാതെ പറ്റുകയില്ല. മാത്രമല്ല പതിനായിരം രൂപ വീതം അഞ്ച്ചു ചെക്കും തരണം’ എന്തിനധികം പറയുന്നു ഞാന്‍ എല്ലാം വഴങ്ങി. കല്യാണം കഴിഞ്ഞു പെങ്ങള്‍ പടിയിറങ്ങിപ്പോയി.