സന്തോഷ് അവരുടെ അയൽവാസി തന്നെയാണ്.. ഏത് കാര്യത്തിനും അവനെയാണ് വിളിക്കാറ്..
ഗോപിമാഷ് തളർന്ന് പോയി..
അയാളിതൊരിക്കലും കരുതിയതല്ല..
ഷൈലജയെ അയാൾ അങ്ങേയറ്റം സ്നേഹിച്ചിരുന്നു..
സന്തോഷിനേയും ഒരു അനിയനെപ്പോലെയാണ് അയാൾ കണ്ടത്..
മൂന്നാം ദിവസം സ്റ്റേഷനിൽ ഹാജരായ സന്തോഷും,ഷൈലജയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു..
തൽക്കാലം കുട്ടിയേയും അവരോടൊപ്പം വിട്ടു..
തൊട്ടയൽപക്കത്ത്, ഗോപിമാഷിന്റെ കണ്ണിന് മുൻപിൽ അവർ ജീവിതമാരംഭിച്ചു..
അത് കാണാൻ കഴിയാതെയാണ് അയാൾ സ്ഥലം മാറ്റം ചോദിച്ച് വാങ്ങി ഈ വിദൂര ഗ്രാമത്തിലേക്ക് വന്നത്..
മാഷിവിടെ എത്തിയിട്ടിപ്പോൾ ഒരു വർഷം കഴിഞ്ഞു.
അതിനിടക്ക് ഒരു തവണ മാത്രമാണ് നാട്ടിലേക്ക് അമ്മയെ കാണാൻ പോയത്..
മാഷിപ്പോൾ ഈ നാട്ടുകാരിൽ ഒരുവനാണ്..
നാട്ടിലെ ഏത് പൊതുകാര്യത്തിലും മുന്നിൽ മാഷുണ്ടാവും..
സ്കൂൾ സമയം കഴിഞ്ഞാൽ കാര്യമായി മാഷ് ഉണ്ടാവുക വായനശാലയിലാണ്..
ശരിക്കും പറഞ്ഞാ മാഷാണിപ്പോ വായനശാല നടത്തുന്നത് തന്നെ..
നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനുമാണ് മാഷ്…
അയാളുടെ മുൻകാല ചരിത്രമൊന്നും ആരോടുമയാൾ പറഞ്ഞിട്ടില്ല.. വിവാഹം കഴിച്ചിട്ടില്ലെന്ന് മാത്രമാണയാൾ പറഞ്ഞത്..
സ്കൂളിന് അധികം അകലെയല്ലാതെ ചെറിയൊരു വീടാണ് മാഷിന് താമസിക്കാൻ കിട്ടിയത്.. പുഴയുടെ തൊട്ടടുത്ത്..
കിണറും,പൈപ്പുമൊക്കെയുണ്ടെങ്കിലും മാഷിന്റെ കുളി പുഴയിൽ തന്നെ…
അയാൾക്കീ നാട് വിട്ട് പോവാനേ തോന്നിയില്ല..കേരളത്തിൽ ഇങ്ങിനെയുള്ള ഗ്രാമങ്ങൾ ഇപ്പോ അപൂർവ്വമാണ്..
അത് കൊണ്ട് തന്നെ ഇടക്കിടെ ഇവിടേക്ക് സഞ്ചാരികളും വരും..