സംഭവിച്ചു കൂടായ്കയില്ല…
കാരണം, എതിരു നിന്ന് ചോദിക്കാൻ ധൈര്യമുള്ളവരാരും ഇല്ല…
“” എന്റെ കാര്യം പോട്ടെടോ………. ഈ എന്നെ സ്നേഹിച്ചതിന്റെ പേരിൽ ആ പാവത്തിനെ എന്തിനാ കുരുതി കൊടുക്കുന്നത്…… ?
മുരളി ഒന്നു മന്ദഹസിച്ചു……
“” ചെറുപ്പത്തിൽ ഒരു ബലൂൺ, വർണ്ണക്കുട, നല്ലൊരു മിഠായി, ഒരു കെട്ടുന്ന ചെരിപ്പ്…… ഇതൊക്കെ പണമുള്ള വീട്ടിലെ കുട്ടികളുടെ കയ്യിൽ കാണുമ്പോൾ എനിക്കും ആഗ്രഹം തോന്നിയിട്ടുണ്ട്…… പിന്നീട്, അത് നമുക്ക് ആശിക്കാൻ പറ്റിയതല്ല എന്ന് പറഞ്ഞു മനസ്സിനെ പഠിപ്പിച്ചെടുത്തു… ഇതും അത്രയൊക്കെയേ ഉള്ളൂ… “
മുരളിയുടെ സ്വരം ഒന്നിടറിയിരുന്നു…
“” ചെറുപ്രായത്തിൽ തന്നെ മോഹങ്ങളൊക്കെ അടച്ചുപൂട്ടി, ഒരിക്കലും തുറക്കാൻ പറ്റാത്ത വിധം വീടിന്റെ മച്ചിൽ കെട്ടിവെച്ചവനാ ഞാൻ… “
ശരണ്യയ്ക്ക് അവനോട് എന്തു മറുപടി പറയണം എന്നറിയില്ലായിരുന്നു…
“” അതുകൊണ്ട് ശരണ്യ അവളെ കാണുമ്പോൾ പറഞ്ഞേക്കണം… എനിക്കവളെ ഇഷ്ടമല്ലായിരുന്നു എന്ന്… ഇഷ്ടം പറയാത്ത സ്ഥിതിക്ക് ആ പാവം അത് വിശ്വസിച്ചോളും………. “
മിഴികൾ നിറഞ്ഞില്ല എങ്കിലും മുരളിയുടെ ഹൃദയം കരയുന്നത് ശരണ്യ കേൾക്കുന്നുണ്ടായിരുന്നു…
എന്ത് പറയാൻ… ….?
എന്തൊക്കെയോ വെട്ടിത്തുറന്നു പറഞ്ഞ് മുരളിയെ എതിരിടാൻ വന്ന താൻ ആയുധമില്ലാതെ കീഴടങ്ങിയതായി ശരണ്യയ്ക്ക് മനസ്സിലായി…
കയ്യിലിരുന്ന നോട്ട്ബുക്കടക്കം ഇരു കൈകളും വായുവിൽ കുടഞ്ഞ്, ശ്വാസമയച്ച് മുരളി മന്ദഹസിച്ചു……
“” ഒന്നുകിൽ പണം വേണം… അല്ലെങ്കിൽ ധൈര്യം വേണം… ഇതു രണ്ടും ഇല്ലാത്തവന് പറഞ്ഞിരിക്കുന്ന പണിയല്ല പ്രേമം……””