പുറത്തേക്കിറങ്ങാൻ വയ്യ…
മനസ്സിലുള്ളത് ആരോടും പറയാനും വയ്യ…
ഇടയ്ക്ക് ശരണ്യയുമായി ബന്ധപ്പെടാൻ ലാന്റ് ഫോണിൽ ആരും കാണാതെ ശ്രമിച്ചിരുന്നുവെങ്കിലും അത് നമ്പർ ലോക്ക് മാറ്റിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു…
അതോടു കൂടി താൻ നിരീക്ഷണത്തിലാണെന്നും തന്റെ ധൃതി പിടിച്ചുള്ള വിവാഹാലോചനയുടെ പൊരുളെന്തെന്നും ജയ മനസ്സിലാക്കിത്തുടങ്ങി…
അതിനിടയിൽ വിവാഹം അവളുടെ സമ്മതം പോലുമില്ലാതെ തീരുമാനിക്കപ്പെട്ടു…
കൂട്ടുകാരികൾക്ക് വിവാഹക്ഷണക്കത്ത് അയക്കാനെന്ന വ്യാജേന “” അടിച്ചുമാറ്റിയ”” നാലഞ്ചു “” ഇല്ലൻഡ്”” കാർഡിൽ തന്റെ മനോവിഷമങ്ങൾ അവൾ കൂട്ടുകാരിക്ക് അയച്ചു കൊടുത്തെങ്കിലും അതിന് മറുപടികളൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല, വിവാഹത്തിനു കൂട്ടുകാരിയുടെ സാന്നിദ്ധ്യം പോലും ഉണ്ടായില്ല…
“” നീ എങ്ങനെയെങ്കിലും മുരളിയെ കാണൂ… ഈ സ്വത്തും സമ്പത്തും എല്ലാവരെയും ഒഴിവാക്കി ഞാൻ വരാം… എനിക്ക് അവനെയൊന്നു കണ്ടാൽ മാത്രം മതി… അല്ലെങ്കിൽ ഒരുമിച്ചു മരിക്കാനും ഞാൻ തയ്യാറാണ് ……….””
ശരണ്യയ്ക്ക് ജയ അവസാനം എഴുതിയ കത്തിലെ ഏതാണ്ട് രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു…
“” പിണങ്ങിപ്പോകാൻ നമ്മൾ ഒന്നു കൊണ്ടും പിണങ്ങിയിട്ടില്ലായിരുന്നല്ലോ………. “
ശരണ്യയുടെ സ്വരം ഏതോ ഗഹ്വരത്തിൽ നിന്നെന്നവണ്ണം, ഓർമ്മകളിൽ നിന്ന് വിടുതൽ നേടവേ ജയ കേട്ടു…
“” ഏതോ മാഷ് പറഞ്ഞാണ് നിന്റെയും മുരളിയുടെയും കാര്യം വീട്ടിലറിഞ്ഞത്… എന്റെ അച്ഛനെ കാണാൻ നിന്റെ അച്ഛൻ വന്നിരുന്നു…””
ഒരുൾക്കാളലിൽ ജയ നടുങ്ങി , ശരണ്യയുടെ മുഖത്തേക്ക് നോക്കി…