ജയ ഇച്ഛാഭംഗത്തോടെ നോക്കിയത് ശരണ്യ കണ്ടില്ലെന്ന് നടിച്ചു…
പക്ഷേ, കോളേജിന്റെ ഇടനാഴികളിലും വാകമരത്തണലിലും ലൈബ്രറിയിലും അങ്കണത്തിലും ജയമഞ്ജുഷയുടെ മിഴികൾ മുരളീകൃഷ്ണനെ തിരയുകയും കണ്ടെത്തുകയും ഓരോ നറുപുഞ്ചിരികളും മൃദുമന്ദഹാസങ്ങളുമെയ്ത് തന്റെ പ്രണയം പ്രിയപ്പെട്ടവനെ അറിയിക്കുവാൻ ശ്രമിക്കുകയും ചെയ്തു കൊണ്ടിരുന്നു…
മുരളീകൃഷ്ണനാവട്ടെ മന്ദഹാസങ്ങൾ മടക്കി നൽകിയിരുന്നു താനും…
തിരികെ ഓരോ പുഞ്ചിരി കിട്ടിയാലന്നത് മഞ്ജുഷയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുമായിരുന്നു…
തന്റെ പ്രിയപ്പെട്ടവൻ…………!
തന്റെ പാട്ടുകാരൻ………….!
താനവന്റെ നർത്തകിയും…
ജയമഞ്ജുഷയുടെയുള്ളിൽ മുരളീകൃഷ്ണനെന്നത് കേവലമൊരു വികാരം മാത്രമല്ലാതായി പരിണമിച്ചു തുടങ്ങിയത് ഉറ്റ സുഹൃത്തായ ശരണ്യയും തിരിച്ചറിഞ്ഞിരുന്നില്ല…
പക്ഷേ, മതിലകം തറവാടുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഒരദ്ധ്യാപകൻ അത് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…
അയാളത് ചന്ദ്രസേനൻ മേനോനെ അറിയിച്ചു……
കാര്യങ്ങൾ പുറത്തറിയാതെ നിരീക്ഷിക്കുവാനും വേണ്ടത് പ്രാവർത്തികമാക്കുവാനും അയാളത് മകൻ ജയമോഹനെ ചുമതലപ്പെടുത്തുകയും ചെയ്തു…
ഡിഗ്രി അവസാന വർഷമായിരുന്നു അത്… അതുകൊണ്ടു തന്നെ മകളുടെ പഠിപ്പ് മുടങ്ങരുതെന്ന് മേനോൻ മകനെ ശട്ടം കെട്ടിയിരുന്നു…
രവിപ്രസാദിന്റെ ആലോചനയും ആ കാലയളവിലായിരുന്നു…
കോഴ്സ് കഴിയാറായതും ഒരു കാരണവുമില്ലാതെ ശരണ്യ അകന്നു തുടങ്ങിയതും പിന്നീട് നാട്ടിലേക്ക് പോയതും ജയമഞ്ജുഷയെ വല്ലാത്ത ഒരവസ്ഥയിൽ എത്തിച്ചിരുന്നു…