ശരണ്യ മനസ്സ് അമർത്തി ഉറപ്പിച്ചതും ചില്ലുടഞ്ഞതു പോലെ വിമ്മിപ്പൊട്ടിക്കൊണ്ട് ജയ അവളിലേക്ക് ചാഞ്ഞു…
“”ന്നാലും ന്നോടൊന്നും പറയാതെ………………””
ഗദ്ഗദത്തിന്റെ അകമ്പടിയോടെ അവളിൽ നിന്ന് വാക്കുകളുതിർന്നു…
ശരണ്യ അറിയാതെ തന്നെ കൂട്ടുകാരിയുടെ പുറത്ത് കൈകൾ ചുറ്റി..
ജയയുടെ അവസ്ഥ വല്ലാത്തതാണെന്ന് ശരണ്യ തിരിച്ചറിഞ്ഞിരുന്നു…
ഒരു പ്രണയം…
അത് പ്രണയമാണോ എന്ന് സംശയമുണ്ടെങ്കിൽ കൂടിയും…
2 K ജനറേഷൻ പിള്ളേരുടെ ചപ്രംമുടിയുടെയും ലഹരിയുടെയും മേമ്പൊടിയും കാമാസക്തികളും വരച്ചിടുന്ന ഭാവനയ്ക്കു മുൻപിൽ ഇതൊരു പ്രണയമായിരുന്നോ എന്ന് ശങ്കിച്ചേക്കാം…
അതങ്ങനെ മനസ്സിലിട്ടു പൂവിട്ടു പൂജിക്കുക… !
സ്വന്തമെന്നു കരുതുക…….
ഒന്നുമുരിയാടാതെ അതിലൊഴുകി, അവൻ പൂർണ്ണതയേകിയ സാലഭഞ്ജിക കണക്കേ… ….
പിന്നീടത് കൈ വിടുന്നു…… !
നിസ്സഹായതയുടെ തീച്ചൂളയിൽ നിന്നു കൊണ്ട് അവളതെല്ലാം മറച്ചു വെക്കുമ്പോഴും ചാരം മൂടിക്കിടക്കുന്ന കനലായി അവളുടെ അന്തരാത്മാവിനുള്ളിൽ അത് ജ്വലിക്കുന്നുണ്ടായിരുന്നു…
ജയയുടെ ഫോണിലെ കോളർ ട്യൂൺ ശരണ്യയ്ക്ക് ഓർമ്മ വന്നു…
“” വാർമുകിലേ… വാനിൽ നീ വന്നു നിന്നാൽ………..”
ഒരു പ്രത്യേക തരം പ്രണയം…
അല്ലെങ്കിൽ വിവരിക്കാനെളുപ്പമല്ലാത്ത പ്രണയം………..!
ജനിച്ച കടിഞ്ഞൂൽ സന്താനത്തിന് അവന്റെ പേരിട്ട് അവളതിൽ ആത്മനിർവൃതിയും പ്രണയലഹരിയും നേടുന്നു…
അവൾക്ക് ഭർത്താവുണ്ട്…
മകനുണ്ട്…
സമൂഹത്തിൽ സ്ഥാനമാനങ്ങളേറെയുള്ള ബന്ധുജനങ്ങളുണ്ട്…
അതൊന്നും അവൾക്ക് പ്രശ്നമേയല്ല…
തന്റെ ഹൃദയാന്തരാളങ്ങളിലേക്ക് സപ്തസ്വര ശബ്ദവീചികളുമായി കടന്നു വന്ന കാമുകൻ ഒരു നാളിൽ വരുമെന്നും തന്നോടവന്റെ പ്രണയം തുറക്കുമെന്നും കരുതിയവൾ , അനുരാഗവിവശയായി കാത്തിരിക്കുന്നു…