ശരിയമ്മേ! പക്ഷേ ഉണ്ണി ഏതെങ്കിലും കാര്യത്തിന് വിസമ്മതിച്ചാലോ? ഉമ അമ്മയെ ഉറ്റുനോക്കി.
അവനെ ഞാനനുസരിപ്പിച്ചോളാം. രേവതി മന്ദഹസിച്ചു. എന്നാൽ ആ വാക്കുകൾ ദൃഢമായിരുന്നു. ഉമയൊന്നു കിടുത്തു. പാവം എൻ്റെയുണ്ണി നമ്പൂരി! അവൾ മനസ്സിൽ പറഞ്ഞു. ഒപ്പം ഉള്ളിൻ്റെയുള്ളിൽ നിഗൂഢമായ ആനന്ദം നുരഞ്ഞിരുന്നു.
പിന്നെ മോളൂ നിനക്കറിയാല്ലോ. വേളികഴിഞ്ഞാൽ അവനീ കോലോത്തെയാണ്. എല്ലാ അർത്ഥത്തിലും! എനിക്കറിയാമ്മേ. ഉമ അമ്മത്തമ്പുരാട്ടിയെ കെട്ടിപ്പിടിച്ചു.
കാറിൻ്റെ പിൻസീറ്റിൽ ഇരുന്ന് കോലോത്തേക്കു പോവുമ്പോൾ ഉണ്ണിയുടെ മനസ്സിൽ വിവിധ വികാരങ്ങൾ അലയടിക്കുന്നുണ്ടായിരുന്നു. അമ്മത്തമ്പുരാട്ടീടേതായിരുന്നു ക്ഷണം. ഇന്നലെ വൈകുന്നേരമാണ് കോലോത്തെ കാര്യസ്ഥൻ വന്ന് കത്തു നൽകിയത്. അമ്പലത്തിലെ ശാന്തിയോട് രണ്ടു ദിവസം ഒഴിവു വാങ്ങി.
ഉണ്ണീ! ഇറങ്ങുന്നതിനു മുൻപ് അമ്മ അവൻ്റെ തലയിൽ കൈവെച്ചുകൊണ്ടു പറഞ്ഞു. നമ്മൾ ആ കോവിലകത്തോട് വളരെ കടപ്പെട്ടവരാണ്. നിൻ്റെ രണ്ടൊടപ്രന്നോളുമാരും ഇപ്പോൾ സന്തോഷായി കഴിയണത് അവരുടെ നല്ല മനസ്സുകൊണ്ടാണ്. രേവതിത്തമ്രാട്ടി കഴിഞ്ഞ ആഴ്ച്ച ഇവിടെ വന്നിരുന്നു.
ഏഹ്! ഉണ്ണി അതിശയിച്ചുപോയി. തന്നേക്കാളും ഉയരമുള്ള കൊഴുത്ത അന്തർജ്ജനത്തിൻ്റെ മുഖത്തേക്ക് അവൻ മുഖമുയർത്തി നോക്കി.
നിന്നോട് പറയണ്ടാന്ന് തമ്രാട്ടി പറഞ്ഞു. നിന്നെ അങ്ങോട്ടയയ്ക്കണന്നും പറേണ്ടായി. നമ്മുടെ ഭാഗ്യാണ് കോലോത്തുനിന്നും ഒരു ബന്ധം വരുന്നത്. ഉമത്തമ്രാട്ടിയ്ക്ക് നിന്നെ ഇഷ്ട്ടായീന്നാണ് വല്ല്യമ്രാട്ടി പറഞ്ഞത്. നിനക്കോ ഉണ്ണീ?