ഗോമതിയമ്മേ! ഉണ്ണിയ്ക്ക് ഇരിക്കാൻ സ്റ്റൂളിട്ടു കൊടുക്കൂ. രേവതിത്തമ്പുരാട്ടി കല്പിച്ചു.
ഗോമതി അവരുടെ മുന്നിലിട്ട സ്റ്റൂളിൽ അവൻ്റെ കൈക്കു പിടിച്ചിരുത്തി. അവരുടെ ഇരിപ്പിടങ്ങളേക്കാളും താഴ്ന്നതായിരുന്നു അവനിരുന്ന സ്റ്റൂൾ. അവരെ നോക്കണമെങ്കിൽ മുഖം മോളിലേക്കു തിരിക്കണമായിരുന്നു.
ഉണ്ണീ! രേവതിത്തമ്പുരാട്ടി വിളിച്ചു. ആദ്യായിട്ടല്ലേ കോലോത്തേക്കു വരുന്നത്! സ്വാഗതം. ഉണ്ണിയെ നോക്കി വല്ല്യമ്രാട്ടി മന്ദഹസിച്ചു. ഉണ്ണി ചിരിക്കാൻ ശ്രമിച്ചു. അവൻ്റെ ഹൃദയമിടിപ്പ് എന്തുകൊണ്ടോ മെല്ലെ ഉയർന്നിരുന്നു. നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു.
ഉണ്ണീ! രേവതി മുന്നോട്ടാഞ്ഞു. ഇന്നാണ് ഉണ്ണി ആദ്യമായി ഇവിടെ കാലുകുത്തുന്നത്. എന്നാൽ ഇതായിരിക്കും നിൻ്റെ വീട്. എനിക്ക് ആങ്കുട്ട്യോളില്ല. ഉമയ്ക്ക് നിന്നെ ഇഷ്ട്ടാണ്. അവളെ വേളികഴിക്കുന്നതിൽ നിനക്കെന്തെങ്കിലും തരത്തിലുള്ള വിഷമമോ, ഇഷ്ട്ടക്കുറവോ ഉണ്ടോ? എന്തായാലും സത്യം പറയണം.
ഉണ്ണി കുഴങ്ങി. അവൻ ഉമയെ നോക്കി. അവളവനെ നോക്കി വിടർന്നു ചിരിച്ചു.. എനിക്ക് ഉമത്തമ്പുരാട്ടീനെ ഒത്തിരി ഇഷ്ട്ടാണ്. അവൻ സ്വപ്നത്തിലെന്നപോലെ പ്രേമം കവിഞ്ഞൊഴുകുന്ന ഹൃദയവുമായി ഉരിയാടി.. അവൻ്റെ സ്വരം വിറച്ചിരുന്നു.
രേവതിയും മന്ദഹസിച്ചു. ഇന്നുമുതൽ നീയെൻ്റെ മോനാണ്. വേളിക്കു മുൻപ് ഒരു കാര്യമുണ്ട് ഉണ്ണീ. അതെൻ്റെ ആവശ്യമാണ്. നിനക്കറിയാല്ലോ. ഉമയാണ് അടുത്ത വല്ല്യതമ്പുരാട്ടി. നിങ്ങളുടെ കുട്ടികൾ ആരോഗ്യമുള്ള, ബുദ്ധിയുള്ള, മിടുക്കരാവണം. ഇതാണ് ഡോക്റ്റർ അന്ന. അന്ന കുറച്ചു മെഡിക്കൽ പരിശോധനകൾ നടത്തും. നിനക്ക് അലോഗ്യമൊന്നുമില്ലല്ലോ?