“മമ്മാ.. അവൾ ഓടി വന്നു മെറിൻ ചേച്ചിയുടെ മടിയിൽ കേറി ഇരുന്നു”
അവൾ അപ്പോൾ ആണ് എന്നെ ശ്രെദ്ധിക്കുന്നത്.
എന്നെ കണ്ടപ്പോൾ അവൾക്കു പ്രേത്യേകിച്ചു മാറ്റം ഒന്നും ഉണ്ടായില്ല. പിന്നെ അവൾ ചേച്ചിയോട് ചോദിച്ചു
“ ഇതാണോ അഭി “
“അഭി അല്ല അഭി അങ്കിൾ.അഞ്ജലി ആന്റി യുടെ അനിയൻ”
എനിക്ക് ആ വിളിയിൽ പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല കസിൻസിന്റെ പിള്ളേർ എല്ലാം എന്നെ മാമൻ, കൊച്ചച്ഛൻ എന്നൊക്കെ വിളിക്കുന്നതാണ്.
“ഹായ്.. ഐആം സാറ എലിസബേത് മെൽവിൻ”.
അവൾ കുഞ്ഞു കൈകൾ വീശി മടിയിൽ ഇരുന്നുകൊണ്ട് തന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“വലിയ പേരാണല്ലോ”
“യെസ്. സാറ ഞാൻ, എലിസബേത് എന്റെ അമ്മ, മെൽവിൻ എന്റെ അച്ഛൻ. “
അവൾ അതുപറഞ്ഞപ്പോൾ. എനിക്ക് എന്തോ ഒന്ന് മനസ്സിൽ പെട്ടെന്ന് തോന്നി. പക്ഷെ മെറിൻ ചേച്ചിക്കും പ്രേത്യേകിച്ചു ഭാവമാറ്റം ഒന്നും ഇല്ലാ. മോൾക്കും.
അപ്പോഴേക്കും അഞ്ജലി ഫ്രഷ് ആയി ഡ്രസ്സ് മാറി വന്നു.
“ചേച്ചി നിങ്ങള് റെഡി ആയി വാ. ഞാൻ ഇവന് ഇവിടെ ഒക്കെ ഒന്ന് കാണിച്ചു കൊടുക്കട്ടേ “അഞ്ജലി അത് പറഞ്ഞപ്പോൾ മെറിൻ ചേച്ചിയും സാറ മോളും എഴുന്നേറ്റു.
“ഒക്കെ ഡി ഒരു 20 മിനിറ്റ്സ്”
എന്നെയും ഒന്നും നോക്കി ചിരിച്ചിട്ട് അവർ ഇറങ്ങി.
“ഡി. അത് മെറിൻ ചേച്ചിയുടെ മോൾ ആണോ?”
അവർ ഇറങ്ങിയതും എന്റെ ആദ്യത്തെ ചോദ്യം.
“അല്ല.”
അവൾ കൂൾ ആയി പറഞ്ഞുകൊണ്ട് ബൾക്കണിയുടെ ഗ്ലാസ് ഡോർ തുറന്നു.
“പിന്നെ.. അത് ചേച്ചിയുടെ ബ്രദറിന്റെ മോൾ ആണ്.അവർ മരിച്ചു പോയി. 3 വർഷമായി. അന്ന് മുതൽ സാറ ചേച്ചിയുടെ കൂടെയാ”
അവൾ ഇതൊന്നും ഒരു കാര്യവും അല്ല എന്നുള്ള രീതിയിൽ ആണ് പറഞ്ഞത്.
എന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ അവൾ പറഞ്ഞു.
“ഡാ ഇതൊന്നും അവർക്കു പ്രശ്നം അല്ല. ആദ്യം കേട്ടപ്പോൾ എനിക്കും ഒരു വിഷമം ഒക്കെ ഉണ്ടായിരുന്നു പക്ഷെ, അവർ ഉള്ളതിനേക്കാൾ സ്നേഹത്തോടെയാ ചേച്ചി മോളെ നോക്കുന്നെ. മോൾക്കും ഇതെല്ലാം ഇപ്പോൾ അറിയാം, അവർ രണ്ടുപേരും കാണിക്കാത്ത വിഷമം നമ്മൾ കാണിക്കണ്ടല്ലോ?
അവൾ പിന്നെ ഓരോന്ന് എനിക്ക് കാണിച്ചു തരാൻ തുടങ്ങി.
അവിടെ നിന്ന് കാണുന്ന സ്ഥലങ്ങൾ, പിന്നെ ഫ്ലാറ്റിനെ കുറിച്ചുള്ള വിശേഷങ്ങൾ, അങ്ങനെ എല്ലാം. പിന്നെ ഉച്ചക്കും രാവിലെയും ഗീതേച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാതെ പോയത് എനിക്ക് തന്നെ ആണ് നഷ്ടം എന്നും പറഞ്ഞു. അത്രയും അടിപൊളി കുക്ക് ആണ് ഗീതേച്ചി.ഇന്ന് ഞാൻ ഉച്ചക്ക് കഴിക്കാതെ പോയത് ചേച്ചിക്കും സങ്കടം ആയി എന്ന് പറഞ്ഞപ്പോൾ എനിക്കും ഒരു വെല്ലായ്മ.
“ഡി അത് എനിക്ക് ഇവരെ ഒന്നും അറിയില്ലല്ലോ. ഇനി ആകട്ടെ.”
“ഡാ മെറിൻചേച്ചി സാറ ഗീതേച്ചി ഒക്കെ ഇവിടെ എനിക്ക് എന്റെ ഇവിടുത്തെ വീട്ടുകാരെ പോലെ ആണ്. കാര്യം മെറിൻചേച്ചിക്ക് ഇപ്പോൾ 28 വയസ്സ് ഉള്ളു. എന്നേക്കാൾ ഒരു വയസ്സ് മാത്രം കൂടുതൽ, പക്ഷെ ഒരു ചേച്ചിയോട് തോന്നുന്ന സ്നേഹവും ബഹുമാനവും എല്ലാം എനിക്കു അവരോടു ഉണ്ട്.. അത് നിനക്ക് എന്നോട് ഉള്ള പോലെ ഉടായിപ്പ് ബഹുമാനം അല്ല. ശെരിക്കും അവർ അത് അർഹിക്കുന്നുണ്ട്. നിനക്ക് ഇനി കൂടുതൽ പരിചയപെടുമ്പോൾ മനസ്സിലാകും”
അതും പറഞ്ഞു ചേച്ചി കിച്ചണിലേക്ക് പോയി.
“അതിനു നിന്നോട് എനിക്കു ഉടായിപ്പ് ബഹുമാനം ആണോ. ഇല്ലാത്ത സാധനം എങ്ങനെ ആണ് ഉടായിപ്പ് ആകുന്നേ.”
ഞാൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു.
“ഡാ ഒന്നാമത് നനഞ്ഞു ഇരിക്കുവാ. നീ വിട്ടേ.”
“ഇവിടെ കുക്കിംഗ് ഒക്കെ ഉണ്ടോ?.ഡോക്ടർ ആയതിന്റെ അഹങ്കാരം ആണോ?. ഞാൻ ഉണ്ടാക്കിയത് കഴിച്ചു പണി ആയി മരുന്ന് തരാൻ എനിക്കു ഒരു പട്ടിയുടെയും സഹായം വേണ്ടെന്നാ.. “
“ഡാ…” അവള് കയ്യിൽ ഇരുന്ന ഗ്ലാസ് എടുത്ത് എറിയാൻ തുടങ്ങിയപ്പോൾ ഞാൻ പുറത്തേക്കു ഓടി.
അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ അവൾ എനിക്ക് ചായയും ആയി വന്നു. കാട്ടൻ ചായ ആണ്. കൂടെ ഒരു പാക്കറ്റ് ബിസ്‌ക്കറ്റും.
“നീ ഇത് കുടിക്ക്. ഞാൻ റെഡി ആയി വരാം നമുക്ക് ലുലു പോകാം.ചേച്ചിക്കും എന്തൊക്കെയോ പർച്ചയ്‌സ് ഉണ്ട്. നമ്മൾ ഒരുമിച്ചാ പോകുന്നെ” അവൾ റൂമിലേക്ക് കേറി.