കഫ്‌റ്റേരിയയിൽ അപ്പോൾ ജസ്റ്റിൻ ബിബറുടെ പ്രശസ്തമായ പ്രണയഗാനം “വേർ ആർ യൂ നൗ…” ൻറ്റേ പതിഞ്ഞ, ഹൃദയത്തിൽ മദം നിറയ്ക്കുന്ന ഗാനം, പുറത്തെ ഇളംകാറ്റിനോടൊപ്പം ഹൃദയത്തിലേക്ക് പെയ്യുകയായിരുന്നു.
അയാളുടെ വാക്കുകൾക്ക് മുമ്പിൽ എന്തുകൊണ്ടോ തനിക്ക് ലജ്ജകൊണ്ട് പുഞ്ചിരിക്കാതിരിക്കാനായില്ല. സുന്ദരനായ ഒരു പുരുഷൻ ഒരു പെണ്ണിനോട് അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി പറയുമ്പോൾ എങ്ങനെ നാണിക്കാതിരിക്കും?
“താങ്ക്യൂ ഡോക്റ്റർ, ”
താൻ അന്ന് പറഞ്ഞു.
“ഡോക്റ്ററുടെ പ്രായം എത്രയാ?”
“ഇരുപത്തിയെട്ട് മാഡം..”
“മാരീഡ്?”
“നോ!”
അയാൾ പെട്ടെന്ന് പറഞ്ഞു. ഇഷ്ടപ്പെടാത്തത് കേട്ടത് പോലെ.
“ഇൻ റിലേഷൻഷിപ്പ്?”
അയാളൊന്നു ചിരിച്ചു.
കള്ളം പറയേണ്ട, താൻ അയാളോട് മനസ്സിൽ പറഞ്ഞു. എല്ലാ പെണ്ണുപിടുത്തക്കാരൻ കാസനോവമാരെപ്പോലെ നീ പറയാൻ പോകുന്നത് എന്താണ് എന്നെനിക്കറിയാം. നോ! ഐ ഹാഡ് നെവർ ബീൻ ഇൻ ലവ്! ട്രസ്റ്റ് മീ…
പുറത്ത് ഇളം നവംബർ വെയിൽ അശോകമരങ്ങൾക്ക് മേൽ പ്രണയസ്പർശമായി ഒഴുകി.
“മാഡം…”
ഒന്ന് പുറത്തേക്ക് നോക്കികിയതിനു ശേഷം അയാൾ തുടർന്നു.
“സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ വായിച്ചിരുന്നത് ജിദ്ദു കൃഷ്ണമൂർത്തിയും നിത്യചൈതന്യ യതിയും ഓഷോയുമൊക്കെയായിരുന്നു…യതിയുടെ ആശ്രമത്തിൽ താമസിച്ചിട്ടുമുണ്ട്… അലഞ്ഞിട്ടുണ്ട് ഒരുപാട്, സൗപർണ്ണികയിൽ, ഹരിദ്വാറിൽ, വേദാദ്രിയിൽ…കാരണം…യൂ നോ ..ഐ വാസ് നെവർ ഇൻറ്ററസ്റ്റഡ് ഇൻ മറ്റീരിയലിസ്റ്റിക് ലൈഫ് …യൂ ഡോണ്ട് ബിലീവ് ഒരു കൊല്ലം വീട് വിട്ട് എവിടെയൊക്കെയോ ചുറ്റിക്കറങ്ങിയിട്ടുണ്ട് …”