“മാഡം വുഡ് യൂ ലൈക് റ്റു ഹാവ് എ കോഫീ വിത്ത് മീ?”
ഇരുപത് പേഷ്യൻറ്റ്സ് ഇപ്പോഴേ കൺസൾട്ടിങ് അപ്പോയിൻമെൻറ്റ് എടുത്തിട്ടുണ്ട് എന്ന് നേഴ്സ് റഷീദ പറഞ്ഞത് താൻ ഓർത്തു.
“ഡോക്റ്ററെ ഇപ്പൊ പേഷ്യൻറ്റ്സ് വെയിറ്റ് ചെയ്യുന്നുണ്ടല്ലോ…വൈകുന്നേരം പോരെ?”
“മതി മതി…താങ്ക്യൂ…”
അന്ന് ഉച്ചയ്ക്ക് ശേഷം അവസാനത്തെ പേഷ്യൻറ്റും പോയിക്കഴിഞ്ഞപ്പോൾ തൻ്റെ മൊബൈലിലേക്ക് ഒരു മെസേജ് വന്നു.
“മാഡം, ആർ യൂ ഫ്രീ നൗ?”
“യെസ്…”
അപ്പോൾ തന്നെ മറുപടി നൽകി.
“ദെൻ ഷാൾ വീ മൂവ് റ്റു കഫ്‌റ്റേരിയ?”
“ഓക്കേ…”
ബാഗും മൊബൈലുമെടുത്ത് പുറത്ത് ഇറങ്ങിയപ്പോൾത്തന്നെ വെളിയിൽ ആൾ കാത്ത് നിൽക്കുകയായിരുന്നു. അതിമനോഹരമായി ചിരിച്ചുകൊണ്ട്.
“താങ്ക്യൂ മാഡം, കം…”
അയാളോടൊപ്പം ഹോസ്‌പിറ്റൽ കഫ്റ്റീരിയായിലേക്ക് നടക്കുമ്പോൾ ഡോൾസ് ആൻഡ് ഗബാനയുടെ മദിപ്പിക്കുന്ന ഇളം സൗരഭ്യം അയാളുടെ ദേഹത്ത്നിന്നും പ്രസരിച്ചു.
“ആ കോർണറിൽ ഇരിക്കാം, മാഡം…”
കാറ്റിലിളകുന്ന അശോകമരങ്ങളുടെ സുന്ദരമായ കാഴ്ച സമ്മാനിക്കുന്ന കോർണറിലേക്ക് അയാൾ തന്നെ നടത്തി.
മുഖാമുഖം ഇരുന്നു കഴിഞ്ഞ് അയാൾ തന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.
ഇയാൾക്ക് വല്ല സിനിമയിലും റൊമാൻറ്റിക് ഹീറോയായി അഭിനയിക്കാൻ പൊയ്ക്കൂടേ? അയാളുടെ പുഞ്ചിരി കണ്ടപ്പോൾ താൻ ആദ്യം വിചാരിച്ചത് അതാണ്.
“എന്താ?”
കണ്ണുകൾ മാറ്റാതെ അയാൾ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ താൻ ചോദിച്ചു.
“മാഡം, ഞാൻ നിങ്ങളെപ്പറ്റി അന്വേഷിച്ചു…”
അയാൾ പറഞ്ഞു.
തന്നെക്കുറിച്ച് അന്വേഷിച്ചുവെന്നോ? അസുഖകരമായ പരാമർശമാണല്ലോ! തന്‍റെ മുഖം ചുളിഞ്ഞു അപ്പോൾ.