“പപ്പാ അതിന് എടിപിടീന്ന് കല്യാണം ഒക്കെ എങ്ങനെയാ? ജെന്നി കൊച്ചല്ലേ? അവളുടെ പടുത്തം…പപ്പയല്ലേ പറഞ്ഞെ അവളെ ഡോക്റ്ററാക്കണം എന്ന്? കെട്ടിച്ചു വിട്ടാ മോൾടെ പടുത്താം പോകത്തില്ലേ? മാത്രോവല്ല എങ്ങനെയാ മോൾക്ക് പറ്റിയ ഒരു ചെറുക്കനെ പെട്ടെന്ന് കണ്ടുപിടിക്കുന്നെ?”
ഇച്ചായന്‍ പപ്പയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
“അതൊന്നും ഒരു കൊഴപ്പോം ഇല്ലാതെ നടന്നോളും…”
പപ്പാ പറഞ്ഞു.
“ഇവളെ കെട്ടാൻ പോകുന്നത് വേറെ ആരുവല്ല. മാളിയേക്കലെ പ്രാഞ്ചീടെ മോൻ അലക്സ് കുട്ടിയാ … മോൾടെ കോളേജില് മോളെക്കാളും രണ്ടു ക്ലാസ്സ് മുമ്പി പഠിക്കുവാ അലക്സ് കുട്ടി. മിനിങ്ങാന്നു പ്രാഞ്ചീ എന്നെക്കാണാൻ വന്നില്ലേ? അപ്പം അവനാ എന്നോട് ഈ കാര്യം പറഞ്ഞെ. മോളെ അവൻ കോളജിൽ വെച്ച് കണ്ടിട്ടുണ്ട്. മോളെ ഇഷ്ടവായി. അതവൻ വന്ന് അവന്‍റെ അപ്പനോട് പറഞ്ഞു. കണ്ടോ! നല്ല നേരും നെറീം ഒള്ള ചെറുക്കനായത് കൊണ്ടല്ലേ കാര്യം വന്ന് അവൻ അവന്‍റെ അപ്പനോട് നേരിട്ട് പറഞ്ഞെ? ഇന്നത്തെ കാലത്ത് പ്രേമം ഒക്കെ ഒണ്ടായാൽ ഒളിച്ചോട്ടം കഴിഞ്ഞേ കാർന്നോമ്മാര് അറിയത്തുള്ളൂ…”
“മാളിയേക്കലെ ഫ്രാന്‍സീസ് ചേട്ടനോ?”
ഇച്ചായനും മമ്മിയും അട്ഭുതപ്പെട്ട് മുഖാമുഖം നോക്കി കണ്ണുമിഴിച്ചു.
“അപ്പാ അവരൊക്കെ ബഡാ പാർട്ടിയാ !”
“എടാ പോത്തേ…”
രോഗക്കിടക്കയിലും പപ്പാ ചിരിച്ചു.
“ബഡാ ആയാലും ചോട്ടാ ആയാലും നമ്മള് അവരുടെ വീട്ടിപ്പോയി നമ്മടെ കൊച്ചിനെ കേട്ടാവോന്ന് ചോദിച്ചത് അല്ലല്ലോ…അവരിങ്ങോട്ടു വന്നതല്ലേ?”
“ജെന്നി മോൾക്ക് ഇഷ്ടവാകുവോ എന്ന് നോക്കണ്ടേ പപ്പാ…”