“ഹ്മ്മ്…”
ജെന്നിഫർ ചിരിച്ചു.
“മതി മതി! അപ്പച്ചൻ അവളോട് വരാൻ പറ…”
അവൾ കുളിമുറിയിലേക്ക് കയറി. വലിയ കണ്ണാടിയിൽ ഒന്ന് നോക്കി.
കുറെ സമയം സ്വയം നോക്കി നിന്നു.
നാല്പത്തി രണ്ട് വയസ്സായി മോളെ, നിനക്ക് . ഇരുപത് വയസ്സുള്ള മകന്റെ അമ്മയാണ് നീ. സ്വയം കണ്ണാടി നോക്കി അഹങ്കരിച്ചത് മതി, അവൾ സ്വയം പറഞ്ഞു.
പത്തൊൻപതാം വയസ്സിൽ കഴിഞ്ഞ വിവാഹമാണ് തന്‍റെ.
ഒന്നാം സെമസ്റ്റർ ചെയ്യുമ്പോൾ ആണ് ഹോസ്റ്റലിലേക്ക് അമ്മയുടെ കോൾ. പപ്പായുടെ സ്ഥിതി ഗുരുതരമാണ്, വേഗം വരിക. ഓടിവന്നപ്പോൾ ശരിയാണ്. ഇനിയൊരു ദിവസം ബാക്കിയില്ല എന്ന് സംശയിക്കുന്ന അവസ്ഥയിലാണ് പപ്പാ. കുരുമുളക് പറിക്കുമ്പോൾ മരത്തിൽ നിന്ന് വീണതാണ്. തലയിടിച്ച് പാറയിൽ. ജീവിക്കുമെന്ന് കരുതിയതല്ല. എങ്കിലും രണ്ടു വർഷം രോഗക്കിടക്കയിലാണെങ്കിലും ദൈവം ആയുസ്സനുവദിച്ചു. പപ്പായെ ആ അവസ്ഥയിൽ കണ്ടിട്ട് മെഡിസിൻ പഠിക്കാൻ പോകാൻ തനിക്ക് പറ്റില്ലായിരുന്നു. മക്കൾക്കും കുടുംബത്തിനും വേണ്ടി ജീവിച്ച മനുഷ്യനായിരുന്നു. താനായിരുന്നു പപ്പയ്ക്ക് എല്ലാം. തനിക്ക് അമ്മയേക്കാൾ പ്രിയം പപ്പയോടും.
“മോളെ…”
തന്നെ അടുത്തേക്ക് വിളിച്ഛ് പപ്പാ അന്ന് പറഞ്ഞു. അമ്മയും ഇച്ചായനും ഒഴികെ മറ്റുള്ളവരോട് പുറത്തിറങ്ങി നിൽക്കാൻ പപ്പാ പറഞ്ഞിരുന്നു.
“എനിക്ക് നിൻറ്റെ കല്യാണം കാണണം…”
അത് കേട്ട് താൻ അമ്പരന്നു.
“കല്യാണമോ? പപ്പാ ജെന്നി മോള് പഠിക്കുവല്ലേ?”
ഇച്ചായനും അതിനെ എതിർത്തു.
“ജെയിനെ…”
പപ്പാ ഇച്ചായനോട് പറഞ്ഞു.
“എനിക്ക് സമാധാനത്തോടെ പോണങ്കി എന്‍റെ കൊച്ച് മിന്നു കെട്ടുന്നത് എനിക്ക് കാണണം….അല്ലെങ്കി എന്‍റെ ആത്മാവിനു മോക്ഷം കിട്ടുവേല…”
പപ്പായുടെ ആവശ്യം കേട്ട് എല്ലാവരും അമ്പരന്ന് മുഖാമുഖം നോക്കി.