“മുരളി വല്യച്ഛൻ തിരിച്ചു വന്നോളും… ശ്രീ വന്ന് മര്യാദക്ക് ഭക്ഷണം കഴിച്ചേ…”
അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ പോയി ഭക്ഷണം കഴിച്ചു… ബാക്കി എല്ലാവരും കഴിച്ചു പോയിരുന്നതു കൊണ്ട് എനിക്ക് മീര തന്നെ ഭക്ഷണം വിളമ്പി തന്നു… രണ്ടു മൂന്ന് ദിവസം പൂർണമായും യാമിയുടെ കാര്യം മറന്നുവെന്ന് തന്നെ പറയാം… അത് കഴിഞ്ഞൊരു ദിവസം യാമിയെ തപ്പി ഇറങ്ങുമ്പോൾ കാണുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു… പക്ഷെയെന്നെ ആശ്ചര്യപെടുത്തി യാമിയാ പുൽമേട്ടിൽ ഉണ്ടായിരുന്നു…
“ശ്രീ ഇന്ന് വന്നല്ലോ….”
ദൂരെ നിന്നും ഞാൻ വരുന്നത് മനസ്സലാക്കി എന്നോണമവൾ തല തിരിച്ചു എന്നോട് ചോദിച്ചു…
“രണ്ട് ദിവസം മുഴുവൻ പ്രശ്നങ്ങൾ ആയിരുന്നു… അതുകൊണ്ടാ….”
അവളുടെ അടുത്ത് എത്തുമ്പോൾ ഞാൻ പറഞ്ഞു..
“അത് സാരമില്ലാ…. വന്നല്ലോ.. അതുമതി…”
“യാമിയെന്നും ഇവിടെ വന്നു നോക്കിയിരുന്നോ…”
“ഇന്ന് വെറുതെ ഒന്ന് ഇറങ്ങിയതാ…”
“നന്നായി കൃത്യ സമയത്ത് തന്നെ ആണല്ലോ…”
ഞാൻ ചിരിച്ചു കൊണ്ടു പുല്ലിലേക്കു ഇരുന്നു…
“എന്തായിരുന്നു ശ്രീയുടെ പ്രശ്നങ്ങൾ പറ കേൾക്കട്ടെ…”
“അച്ഛനെന്തോ ഉൾവിളി തോന്നി സന്ന്യാസ ജീവിതം തിരഞ്ഞെടുത്തു കാശിക്കു പോയി… അത് തന്നെ ഇപ്പോളത്തെ പ്രശ്നം…”
“പാപങ്ങൾ കഴുകി കളയാൻ അങ്ങനൊരു യാത്ര നല്ലതല്ലേ…”
“അച്ഛന് അതിനുമാത്രമെന്ത് പാപം ചെയ്യാനാ…”
“പൂർവികരുടെ പാവങ്ങൾക്കും തലമുറ പരിഹാരം ചെയ്യണം ശ്രീ…”
“അതൊക്കെ ഇരിക്കട്ടെ…. ഇയാൾക്ക് കാമുകനോ പ്രേമമോ എന്തേലുമുണ്ടോ…”