ഞാൻ ഇടക്കു കേറി പറഞ്ഞു…
“കൊച്ചച്ചൻ വെറുതെ എന്നെ പറ്റിക്കാൻ പറയുന്നതാ…”
“അല്ല മോളെ ഞാൻ ഇപ്പോൾ പോയി എടുത്തുകൊണ്ടു വരാം…”
“സത്യമാണോ…”
“അതെ മോളെ…”
ഞാൻ കഴിഞ്ഞ ദിവസം നദിയുടെ അരികിലായി ഒരു മയിൽപീലി കിടക്കുന്നത് കണ്ടായിരുന്നു.. എന്റെ വാക്കു കിട്ടിയപ്പോൾ അമ്മു അത് മീരക്കു കൊടുത്തൂ…
ഞാൻ പത്രം മടക്കി വെച്ച് പുറത്തേക്കു ഇറങ്ങി… വീടിനു പുറകിലൂടെ കഴിഞ്ഞ ദിവസം നടന്ന വഴിയെ തന്നെ നീങ്ങി… നദിയുടെ അരികിലെത്തിയപ്പോൾ ഇന്നലെ പെയ്ത മഴയിൽ അതിൽ ഒരാൾക്ക് മേലെ വെള്ളമുണ്ടെന്നു കണ്ടു… ഞാൻ കഴിഞ്ഞ ദിവസം കണ്ട മയിൽ പീലി അവിടെ തന്നെ ഉണ്ടായിരുന്നു, അതൊന്നും നദിയിൽ മുക്കി ചെളി കളഞ്ഞു ഞാൻ കൈയിൽ പിടിച്ചു…
മീരക്കു മയിൽപീലി ഇത്ര ഇഷ്ടമാണേൽ കുറച്ചെണം കൂടെ തപ്പാമെന്നോർത്തു നദിയുടെ തീരത്തു കൂടെ ഞാൻ നടന്നു… കുറച്ചു ദൂരം നടന്നപ്പോൾ പുറകിൽ നിന്നും എന്തോ ഒരു ശബ്ദം കേട്ടു… ഞാൻ തിരിഞ്ഞു നോക്കി…-ട്ടോ- തലയിലെന്തോ ശക്തമായി വന്നു കൊണ്ടു… ദേഹം മൊത്തമൊന്നു വിറച്ചു… കണ്ണുകൾ മങ്ങി… ഞാൻ മുന്നിലെ നദിയിലേക്ക് മറിഞ്ഞു… ജലമെന്റെ ശരീരത്തെ ആശ്ലേഷിച്ചു… കറുത്ത ജലം, ചുറ്റിലുമൊന്നും കാണാൻ പറ്റുന്നില്ല…
ശ്വാസം കിട്ടുന്നില്ല… ഞാൻ കൈയും കാലുമിട്ടു അടിച്ചു, കരയാൻ നോക്കി…. അനക്കവും ശബ്ദവുമെല്ലാം നദി വിഴുങ്ങി…. ശരീരം മുഴുവൻ ചൂടായി… നെഞ്ചിന്റെ ഉള്ള് വെന്തു നീറി…. എന്റെ ചലനങ്ങൾ സാവധാനപെട്ടു… ശരീരം തണുക്കാൻ തുടങ്ങി… പേടിയും വെപ്രാളവും പോയി ഞാൻ ഇരുട്ടിന്റെ ശാന്തതയിലേക്കു അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു… എന്തോ ചൂടുള്ളവ എന്റെ ശരീരത്തെ ചുറ്റി പുണർന്നു… ശക്തമായി അതെന്നെ വലിച്ചു മുകളിലേക്കു ഉയർത്തി കൊണ്ടു പോയി…