കണ്ടു പിടിച്ചാൽ എന്തു ചെയ്യാനാ… അച്ഛനും ഇതൊക്കെ അറിയാവുന്നതു ആയിരിക്കുമെല്ലോ… എങ്കിലും അറിയണം എന്തൊക്കെയാ നടക്കുന്നതെന്നു… അന്ന് ഞാൻ തിരിച്ചു നടന്നാണ് പോയത്… സുധിയിന്നു ജോലിക്കു വന്നില്ലായിരുന്നു.. ഇനി വരുമോ എന്നും അറിയില്ലാ… അന്ന് തിരിച്ചു വീട്ടിലേക്കു നടന്നു വരുന്ന വഴി ഞാൻ കവലയിൽ വെച്ച് അയ്യപ്പനെ കണ്ടു…
ആയാളെ സൂക്ഷിച്ചു നോക്കിയിട്ടാണോ അതൊ അന്ന് എന്നെ കണ്ട ഓർമ്മയുള്ളത് കൊണ്ടാണോ എന്നറിയില്ല അയാളെന്നെ കുറച്ചു നേരം തറപ്പിച്ചു നോക്കി നിന്നു.. ഞാൻ വെച്ചു പിടിച്ചു വീട്ടിലേക്കു നടന്നു.. കാര്യം അയാൾകിട്ടു രണ്ടെണ്ണം കൊടുക്കണമെന്നൊക്കെ ഉണ്ട് പക്ഷെ എന്റെ ഇരട്ടിയുള്ള ആയാളോട് ഇടിച്ചു നില്ക്കാൻ പറ്റില്ല…
പിന്നെ ഞാനിടി കൊണ്ട് വീഴുന്നത് കാണാൻ ഇവിടെയൊന്നും മീരയുമില്ല, അതുകൊണ്ട് സെന്റിമെന്റ്സ്സിനും ഒരു അവസരമില്ല പിന്നെന്തു ഗുണം… വീട്ടിലെത്തിയപ്പോൾ ഉമ്മറത്തു തന്നെ എല്ലാവരുമുണ്ടായിരുന്നു.. എല്ലാവരുടെയും മുഖം തേനീച്ച കുത്തിയത് പോലിരുപ്പുണ്ടായിരുന്നു…
“കണിയാര് വന്നായിരുന്നു…”
എന്നെ കണ്ടപ്പോൾ വല്യമ്മ പറഞ്ഞു… അന്നത്തെ അടി കഴിഞ്ഞു ഇതു ആദ്യമായിയാണ് വല്യമ്മ എന്നോട് മിണ്ടിയത്..
“എന്നിട്ടു…”
“എന്തൊക്കെയോ ശല്യങ്ങൾ തറവാട്ടിൽ ഉണ്ടെന്നാ പുള്ളി നോക്കി പറഞ്ഞത്…”
അത് പറഞ്ഞത് ഉഷാമ്മ ആയിരുന്നു… മീനാക്ഷിയെ മാത്രമവിടെ കണ്ടില്ല, ഇന്നലത്തെ കാര്യങ്ങളവളെ നല്ലതുപോലെ തളർത്തി കാണുമെന്നു ഞാൻ ഊഹിച്ചു… എന്തൊരു അവസ്ഥയാണ് ആ കുട്ടിയുടെ.. അവളെയും സുധിയെയും ഒന്നിപ്പിക്കാൻ എന്തേലും വഴി ഉണ്ടോയെന്ന് ഞാൻ കുറേ ആലോചിച്ചു… അച്ഛമ്മയുടെ മനസ്സു മാറ്റുക അസാദ്ധ്യമായ കാര്യമാണ്…