ഒരു പഴയ പത്രത്തിന്റെ ഇതൾ മടക്കി ജനാലയുടെ വിടവിൽ തിരുകി വെച്ച് ഞാനത് ചേർത്തടച്ചു… മേശപുറത്തിരുന്ന കൂജയിൽ നിന്നും വെള്ളമെടുത്തു വായിലേക്കു കാമത്തുമ്പോളാണ് ഞാൻ മഴയുടെ കാര്യമോർത്തത്…. ഇനി ഞാൻ പ്രേതമുണ്ടേൽ മഴ പെയ്യട്ടെയെന്ന് പറഞ്ഞിട്ടാണൊ…
പിന്നെ കോപ്പാണ്, അങ്ങനെ മഴ പെയ്യുമെങ്കിൽ സഹാറ മരുഭൂമിയിൽ പോയി ഞാൻ പ്രേതത്തെ വെല്ലു വിളിച്ചാൽ മതിയാരുന്നല്ലോ…. ആഫ്രിക്കയുടെ കുടിവെള്ള പ്രശനം തീരുമായിരുന്നു…
ഓർത്തിട്ടു തന്നെ എനിക്കു ചിരി വന്നു… ഉറക്കം മാത്രം പിന്നെ വന്നില്ലാ, വെറുതെ കട്ടിലിൽ കിടന്നു നേരം വെളുപ്പിച്ചു… രാവിലെ എഴുന്നേറ്റു അടുക്കളയിലൊന്ന് വെറുതെ പോയി നോക്കി, ഉഷാമ്മയോട് ഒരു കട്ടൻ ചോദിക്കാനായിരുന്നു അതിന്റെ ഉദ്ദേശം… അടുക്കളയിൽ മീര മാത്രമേ ഉണ്ടായിരുന്നൊള്ളു… ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നപ്പോൾ പിന്നെ അവളോടിന്നു തന്നെ മിണ്ടാൻ ചെല്ലണ്ട എന്ന് തോന്നി..
“എന്താ മാഷെ….”
തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ പുറകിൽ നിന്നും മീരയുടെ ചോദ്യം വന്നു..
“വെറുതെ…. ഉഷാമ്മ ഉണ്ടാരുന്നേലൊരു കാപ്പി ഇട്ടു തരാൻ പറയാനായിരുന്നു..”
“അതെന്താ ഉഷാമ്മയിട്ട കാപ്പി മാത്രമേ ഇയാൾ കുടിക്കത്തൊള്ളോ…”
“അതല്ലാ..”
“പിന്നെ…”
“തന്നോടിനി കാപ്പി ഇട്ടു തരാൻ പറഞ്ഞിട്ടു ബാക്കി ചീത്ത കേൾക്കണ്ടല്ലോ എന്നോർത്തു…”
“വേണേൽ പറ… ഇട്ടു തരാം..”
“താനേക്ക്..”
“മ്മ്…”
അവൾ കഴുകിക്കൊണ്ടിരുന്ന പാത്രങ്ങൾ അവിടെ വെച്ചു കൈ സാരിയുടെ തുമ്പിൽ തുടച്ചു കാപ്പിയിടാൻ തുടങ്ങി…. ഞാൻ അടുക്കളയുടെ വാതിലിൽ ചാരി നിന്ന് അവളെ നോക്കുകയാരുന്നു..