ഞാൻ മുഖം കഴുകാൻ പുറത്തു ഇറങ്ങി ഇതിനെ കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ തൊടിയിലൂടെ ആരോ ഓടുന്നതു പോലെ തോന്നി… ഞാൻ ചാടി അകത്തു കയറി… പക്ഷെ അത് ഞാനാരോടും പറയാൻ പോയില്ലാ… അല്ലേൽ തന്നെ എല്ലാവരും നല്ലതു പോലെ പേടിച്ചാണ് ഇരിക്കുന്നത്… ഒന്നുമില്ലേലും ഞാനൊരു പുരുഷനല്ലേ, ഇങ്ങനെ പേടിച്ചാലോ… നാണക്കേട്… ഞാൻ മുറിയിൽ പോയി പുതച്ചു മൂടി കിടന്നു…
കിടക്കുന്നതിനു മുൻപ് കട്ടിലിന്റ അടിയിലും മേശയുടെ പുറകിലുമൊക്കെ വെറുതെയൊന്നു നോക്കി… മനസ്സിലൊരായിരം കാര്യങ്ങളായിരുന്നു… എല്ലാം തകരുന്നത് പോലെ, അതിനിടക്ക് ഒരു യമുനാ….
വെറുതെ പറഞ്ഞു പേടിപ്പിക്കാൻ കുറേ അന്ധവിശ്വാസങ്ങൾ…. അങ്ങനെ ഒരു പ്രേതമുണ്ടേൽ ഇപ്പോൾ ഒന്ന് മഴ പെയിച്ചു കാണിക്കട്ടെ, പറ്റില്ലാലോ…. വെറുതെ ഓരോരോ വട്ട്..
പ്രബലമായ ക്കാറ്റ് വീശാൻ തുടങ്ങി പക്ഷെ മഴയില്ലാ… ഞാൻ മനസ്സിലെന്നെ തന്നെ അഭിനന്ദിച്ചു കിടന്നു ഉറങ്ങി….
ഞാനൊരു കറുത്ത കുതിര പുറത്തു പോവുകയാണ്, ഇരുട്ടാണ്…. പക്ഷെ നല്ല നിലാവുണ്ട്, മരങ്ങൾക്ക് ഇടയിലൂടെ ചന്ദ്രനിൽ നിന്നും വെളുത്ത പ്രഭയെന്റെ മുന്നിലൂടെ വഴി തെളിച്ചു തരുന്നു… എന്റെ മുന്നിലായി കാലുകൾക്കു നടുക്കു കുതിര പുറത്തൊരു പെട്ടി വെച്ചിട്ടുണ്ട്… അത് ഇന്നലെ സ്വപ്നത്തിൽ കണ്ട പെട്ടി തന്നെയാണ്… സഞ്ചരിക്കുന്ന വഴിയും പരിചിതം തന്നെ… ഞാൻ തറവാടിനു പുറകിലൂടെയാ ഗ്രാമത്തിൽ പോയ വഴി, പക്ഷെ അത് കാടും പടലയും കേറി മൂടിയിട്ടില്ല….
ഞാൻ പോയപ്പോൾ കണ്ടതിലും വളരെയേറെ മരങ്ങൾ അവിടെയുണ്ട്… കുതിര കുറച്ചു കൂടെ മുന്നോട്ടു ഓടിയപ്പോൾ തരിശു നിലം കണ്ടു, വെള്ളം ഒഴുകുന്നതിന്റെ ശബ്ദവും കേട്ടു… ഞാനന്ന് കണ്ടതിലും വലുപ്പം നദിക്കു വെച്ചതു പോലെ തോന്നി.. അരയാൾ പൊക്കത്തിൽ വെള്ളമുണ്ട്… നദിക്കു മുന്നിലെത്തിയപ്പോൾ കുതിര ഒന്നമറികൊണ്ട് നിന്നു… അതിനെ കാലുകൊണ്ട് തട്ടിയും, ജീനി കുലുക്കിയും മുന്നോട്ടു നടത്താൻ ശ്രമിച്ചെങ്കിലുമത് വെള്ളത്തിൽ ഇറങ്ങിയില്ലാ…. ഞാനതിന്റെ പുറത്തു നിന്നും ചാടിയിറങ്ങി പെട്ടി കൈയിലെടുത്തു വെള്ളത്തിലേക്കു ഇറങ്ങി നടന്നു… എന്തൊരു തണുപ്പ്…..
-ട്ടപ്പേ-
വലിയൊരു ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു… കാറ്റിന്റെ ശക്തിയിൽ ജനാലയുടെ ഒരു പാളി തുറന്നു കിടന്നാടി ഉലയുന്നു… പുറത്തു നല്ല ശക്തമായ മഴ, കാറ്റു വീശുമ്പോൾ മഴ തുള്ളികളെന്റെ മുഖത്തേക്കു ജാനാലയിലൂടെ തെറിക്കുന്നുണ്ട്… ഞാൻ എഴുന്നേറ്റു ചെന്ന് ജനാല അടച്ചു, അതിന്റെ കുറ്റി പറിഞ്ഞു പോയിരുന്നു…. വെറുതെയല്ലാ… ഞാൻ കുറ്റി ഇട്ടതാണ് കിടക്കുമ്പോൾ…